കൊല്ലം: രാഹുൽഗാന്ധിയെ വിമർശിക്കാനായി മാത്രമാണ് മുഖ്യമന്ത്രി വായ തുറക്കുന്നതെന്നും മോദിയേയും അമിത് ഷായേയും വിമർശിക്കാൻ ധൈര്യമില്ലെന്നും എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കുണ്ടറ ആശുപത്രിമുക്കിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകളുടെ എക്സാലോജിക് മാസപ്പടി വിവാദത്തിൽ അന്വേഷണമില്ല. മോദിയും പിണറായിയും തമ്മിൽ ഭായി ഭായി ബന്ധമാണ്. ഇന്ത്യാമുന്നണി അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്ന രണ്ടുപേരാണുള്ളത്, അത് മോദിയും പിണറായിയുമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പളളി സലിം അദ്ധ്യക്ഷനായി. പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.എ. അസീസ്, യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ, ടി.സി. വിജയൻ, മഹേശ്വരൻ പിള്ള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആന്റണി ജോസ്, കായിക്കര നവാബ്, കെ. ആർ.വി. സഹജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു ഡി.പണിക്കർ, എന്നിവർ പങ്കെടുത്തു.