
കൊല്ലം: ചടയമംലം, പുനലൂർ മണ്ഡലങ്ങളുടെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇന്നലെ രാവിലെ 9ന് ചടയമംഗലം മണ്ഡലത്തിലെ നിരപ്പിൽ നിന്നാണ് പ്രചരണ പരിപാടികൾ ആരംഭിച്ചത്. 10 മിനിറ്റ് നീണ്ട പ്രസംഗത്തിന് ശേഷം സ്വീകണങ്ങളേറ്റുവാങ്ങി അടുത്ത സ്വീകരണസ്ഥലമായ മഞ്ഞപ്പാറയിലേക്ക് നീങ്ങി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്. തുടർന്ന് കുണ്ടയം, വയ്യാനം, ചൂണ്ട, ഫിൽഗിരി ,കോട്ടുക്കൽ, നെടുപുറം, നെടുംപച്ച , തോട്ടുംമുക്ക് എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തമിഴ് വംശജർ താമസിക്കുന്ന ആർ.പി.എൽ ബ്ലോക്കുകളിൽ ആവേശ്വോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
തമിഴ് ആചാരപ്രകാരം ആരതി ഉഴിഞ്ഞാണ് മിക്ക കേന്ദ്രത്തിലും വരവേൽപ്പ് നൽകിയത്. ആർ.പി.എൽ ഏഴാം ബ്ലോക്ക്, ആർ.പി.എൽ മൂന്നാം ബ്ലോക്ക് ഇളവറാംകുഴി, ചന്ദനക്കാവ് ആർ.പി.എൽ, ആർ.പി.എൽ 2 ജെ, ആർ.പിഎൽ 2 എഫ്, മടത്തിക്കോണം, കടമാംകോട് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്നലത്തെ പ്രചരണം അവസാനിച്ചത്. പി എസ് സുപാൽ എം.എൽ.എ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം. സലിം, സെക്രട്ടറി ജോർജ് മാത്യു, സി.പി.എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.