കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന് ദേശീയ ദളിത് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ഡോ. കെ.എസ്. മണി അഴീക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൻ.‌ഡി.എ ഭരണത്തിൽ രാജ്യത്ത് പട്ടികജാതി, ഗോത്ര വിഭാഗങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. മണിപ്പൂരിലെ ജനസംഖ്യയിൽ ഭൂരിപക്ഷമായ കുക്കികൾക്കു നേരെ വരേണ്യവർഗ്ഗമായ മെയ്തികൾ ബി.ജെ.പിയുടെ ഒത്താശയോടെ ചെയ്യുന്ന ക്രൂരമായ അതിക്രമങ്ങൾ രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. ഭരണഘടനയെ ഇല്ലായ്മ ചെയ്തുകൊണ്ട് ബി.ജെ.പി നടത്തുന്ന ദുർഭരണത്തെ ചെറുത്തുതോൽപ്പിക്കേണ്ടത് ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ നിലനിൽപ്പിന് അനിവാര്യമായതിനാലാണ് ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടക്കയം സോമൻ, സംസ്ഥാന പ്രസിഡന്റ് കല്ലിയൂർ സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.