r
ചെലവു കുഞ്ഞതും നൂതനവുമായ ത്രീഡി പ്രിന്റർ നിർമ്മിച്ച കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികളായ ദർശൻ ലാൽ, ജിഷ്ണു, കല്യാണി, ആദിത്യൻ, ഗഹൻ സുജ് എന്നിവർ കോളേജ് അധികൃതർക്കൊപ്പം

കൊല്ലം: മാർക്കറ്റിൽ ഉയർന്ന വിലയുള്ള ത്രീഡി പ്രിന്റർ കുറഞ്ഞ ചെലവിൽ, കൂടുതൽ മേൻമയോടെ നിർമ്മിച്ചിരിക്കുകയാണ് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾ. മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയായ ദർശൻ ലാലിന്റെ നേതൃത്വത്തിൽ ജിഷ്ണു, കല്യാണി, ആദിത്യൻ, ഗഹൻ സുജ് എന്നിവരാണ് നിർമ്മാണ യൂണിറ്റിലെ അംഗങ്ങൾ.

15,000 രൂപയിൽ ചെറിയ രീതിയിൽ തുടങ്ങിയ നിർമ്മാണം, നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. സ്പീഡ്, ഫിനിഷിംഗ്, ഐ.ഒ.ടി സാങ്കേതിക വിദ്യ, പ്രിൻറിംഗ് എവിടെ നിന്നും കാണാനും കൺട്രോൾ ചെയ്യാനും കഴിയുന്ന സംവിധാനം എന്നിവ പ്രിന്ററിലുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോളേജിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഭാഗമായി, ഇന്നോവഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിന്റെയും എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സംസ്ഥാന ജില്ലാതലങ്ങളിൽ നടന്ന ടെക്നിക്കൽ എക്സിബിഷനുകളിലും എക്സ്‌പോകളിലും പ്രദർശനങ്ങൾ നടത്തി നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യംഗ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ പങ്കെടുത്ത മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ടീമംഗങ്ങൾ നേടി. കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി ചേർന്ന്ട് ത്രീഡി പ്രിന്റർ മാനുഫാക്ചറിംഗ് യൂണിറ്റ് കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രിൻസിപ്പൽ വി. സന്ദീപ്, മെക്കാനിക്കൽ വിഭാഗം മേധാവി വി.എം. വിനോദ് കുമാർ, മെക്കാനിക്കൽ വിഭാഗം ലക്ചറർ എസ്. സനിൽകുമാർഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.