
ഇരവിപുരം: കുടൽരോഗവും കുടലിലെ മുഴയും കാരണം ദുരിതമനുഭവിക്കുന്ന ആറുവയസുകാരി ചികിത്സാ സഹായം തേടുന്നു. ഓടനാവട്ടം റോയ് കോട്ടേജിൽ ജെസിയുടെ മൂത്ത മകൾ ജിഷമോളാണ് (6) ദുരിതമനുഭവിക്കുന്നത്. ആറ് മാസത്തിലേറെയായി കുട്ടിക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. ആരോഗ്യ നില കൂടുതൽ മോശമാകുന്നതിന് മുമ്പ് എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടമാർ പറയുന്നത്. എന്നാൽ ഇതിനാവശ്യമായ വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വലയുകയാണ് കുടുംബം.
അങ്കണവാടിയിൽ പഠിക്കുമ്പോഴാണ് ജിഷമോളിൽ രോഗ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ സ്‌കാനിംഗിൽ കുടൽ രോഗം സ്ഥിരീകരിച്ചു. കുടലിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണമെന്നും ഇതിനുള്ള തുകയായ മൂന്ന് ലക്ഷം രൂപ ഉടൻ കെട്ടിവയ്ക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പണം ഇല്ലാത്തതിനാൽ ചികിത്സ മതിയാക്കി നാട്ടിലേക്ക് മടങ്ങി.
നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തിടെ കുട്ടിക്ക് രക്ത സ്രാവം വർദ്ധിച്ചു. കുടലിലെ പഴുപ്പിന് പുറമേ മുഴയും കണ്ടെത്തി. ഇത് നീക്കം ചെയ്യണമെങ്കിൽ 1.5 ലക്ഷം രൂപ ചെലവാകും. നിലവിൽ ജിഷമോൾക്ക് എഴുന്നേറ്റ് നിൽക്കാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ മാസം 16ന് ശസ്ത്രക്രിയ നടത്തണമെന്നാണ് എസ്.എ.ടിയിലെ ഡോക്ടർ നിർദേശിച്ചത്. സുമനസുകൾ സഹായിച്ചാൽ മാത്രമേ ഈ ആറ് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനാകു.
അമ്മ ജെസി വീട്ടു ജോലികൾ ചെയ്ത് കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. അച്ഛൻ വർഷങ്ങൾക്ക് മുമ്പേ ഇവരെ ഉപേക്ഷിച്ച് പോയി. ജിഷമോൾക്ക് ഇളയ രണ്ട് സഹോദരങ്ങളുമുണ്ട്. വാടക നൽകാൻ കഴിയാതെ വന്നതോടെ പരവൂരിലെ വീട്ടിൽ നിന്നിറങ്ങേണ്ടി വന്നു. ഇപ്പോൾ ജെസിയുടെ സഹോദരിയോടൊപ്പം ഇരവിപുരത്താണ് താമസം.
ജി. ജെസിയുടെ അക്കൗണ്ട് നമ്പർ : 1734104000061029,
ബാങ്ക്: ഐ.ഡി.ബി.ഐ ബാങ്ക്,
പരവൂർ ശാഖ.
ഐ.എഫ്.എസ് കോഡ്: IBKL0001734,
ഗൂഗിൾപേ നമ്പർ: 9895616759