photo
എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തഴാവ കടത്തൂർ ബൂത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം തീ പാറുന്ന രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുകയാണ്. സിറ്റിംഗ് സീറ്റ് നിലനിറുത്താനുള്ള പരിശ്രമം എൽ.ഡി.എഫ് നടത്തുമ്പോൾ ആലപ്പുഴ മണ്ഡലം തിരികെ പിടിക്കാനുള്ള ത്രീവ്രശ്രമത്തിലാണ് യു.ഡി.എഫ്. രണ്ട് മുന്നണികളേയും പരാജയപ്പെടുത്തി മണ്ഡലത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള പടപ്പുറപ്പാടിലാണ് എൻ.ഡി.എ സഖ്യം. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫും, യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനുമാണ് കളത്തിൽ പോരാടുന്നത്. അതി കഠിനമായ ചൂടിനെപോലും അവഗണിച്ച് മൂന്ന് മുന്നണിയിലെയും പ്രവർത്തകർ വോട്ടർമാരെ നിരന്തരമായി നേരിൽ കാണുകയാണ്. ദേശീയ- സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ ഉടനീളം പര്യടനം നടത്തി വോട്ടുകൾ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷനിലും മേഖലാ കൺവെൻഷനുകളിലും ബൂത്ത് കൺവെഷനുകളിലും വലിയ ജനക്കൂട്ടത്തെ സംഘടിപ്പിക്കാൻ മുന്നണികൾക്ക് കഴിഞ്ഞു. ഇപ്പോൾ കുടുംബ യോഗങ്ങളും തീരാറായി. സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികൾ കൊഴിപ്പിക്കാൻ കലാരൂപങ്ങളും തെരുവ് നാടകങ്ങളും അരങ്ങേറി. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 182 ബൂത്തുകളിലും ചെറുതും വലുതുമായ നിരവധി യോഗങ്ങളും നടന്ന് കഴിഞ്ഞു. സ്ഥാനാർത്ഥികൾ സംഘടിത തൊഴിൽ മേഖലകളിലും കയർ കളങ്ങളിലും തൊഴിലുഉറപ്പ് മേഖലകളിലും എത്തി തൊഴിലാളികളെ കണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചു. മുന്നണികൾ അധികാരത്തിൽ വന്നാൽ ചെയ്യാൻ പോകുന്ന വികസന പദ്ധതികൾ പ്രകടന പത്രികകളിലൂടെ വോട്ടർമാരുടെ കൈകളിൽ എത്തിച്ച് കഴിഞ്ഞു. സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും കൊടി തോരണങ്ങളും സ്റ്റിക്കറുളുകളും കൊണ്ട് ബൂത്തുകൾ മുമ്പെങ്ങും ഇല്ലാത്ത വിധം അലങ്കരിക്കുകയാണ്. ദൂര സ്ഥലങ്ങളിൽ നിന്നും വോട്ടമാരെ കൊണ്ടുകൊണ്ട് വരാനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി.