കൊല്ലം: എൽ.ഡി.എഫിന്റെ യുവജന സംഘടനകളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥകളും പ്രകടനങ്ങളും നയിക്കുന്നത് നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായവർ അടങ്ങിയ മാഫിയ സംഘങ്ങളാണെന്ന് ആർ.വൈ.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫിന്റെ പരാജയം ഉറപ്പായതോടെ ബോധപൂർവ്വം അക്രമണം അഴിച്ചുവിട്ട് തിരെഞ്ഞടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ മാഫിയകളെ ഉപയോഗിച്ച് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ചവറയിലെ അക്രമം. കൊറ്റൻകുളങ്ങരയിൽ സ്വകാര്യ ചാനൽ ചർച്ച വേദിയിലേക്ക് ഒരു പ്രകോപനവുമില്ലാതെ മാരക ആയുധങ്ങളുമായി റോഡ് ഷോയുടെ പേരിൽ ഇടിച്ചുകയറി ഡി.വൈ.എഫ്.ഐക്കാർ 4 ആർ.വൈ.എഫുകാരുടെ തലയടിച്ച് തകർക്കുകയായിരുന്നു. കുണ്ടറയിലും പ്രേമചന്ദ്രന്റെ പര്യടനത്തിനിടെ അക്രമത്തിനുള്ള ശ്രമം നടന്നിരുന്നു. ചട്ടപ്രകാരമുള്ള അനുവാദം വാങ്ങാതെയാണ് ചവറയിൽ എൽ.ഡി.വൈ.എഫ് ഡി.ജെ ഷോ നടത്തിയത്. തിരഞ്ഞെടുപ്പ് സ്‌ക്വാഡും പൊലീസും നോക്കുകുത്തിയായി നിന്നെന്നും ആർ.വൈ.എഫ് നേതാക്കൾ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ:വിഷ്ണു മോഹൻ, പുലത്തറ നൗഷാദ്, ബ്രിജേഷ് ആനേപ്പിൽ, സുഭാഷ് എസ് കല്ലട എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.