
കൊല്ലം: എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിനെ ഉത്സവാന്തരീക്ഷത്തിലാണ് ചാത്തന്നൂർ വരവേറ്റത്. നൂറുകണക്കിന് പ്രവർത്തകർക്ക് പുറമേ ചിലയിടങ്ങളിൽ താലപ്പൊലിയും കൈകൊട്ടിക്കളിയും ചെണ്ടേമേളവും അണിനിരന്നു.
ആദ്യ സ്വീകരണകേന്ദ്രമായ കല്ലുവാതുക്കൽ നടയ്ക്കൽ കടമ്മാൻ തോട്ടത്തിൽ നാട്ടുകാരും കർഷകരും കർഷകത്തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകളാണ് മുദ്രാവാക്യം വിളികളോടെ കൃഷ്ണകുമാറിനെ സ്വീകരിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനംചെയ്തു. പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി.കുറുമണ്ഡൽ അദ്ധ്യക്ഷനായി. കല്ലുവാതുക്കൽ ശാസ്ത്രിമുക്കിൽ കൈകൊട്ടിക്കളിയുടെ അകമ്പടിയോടെയാണ് സ്ഥാനാർ്ത്ഥിയെ സ്വീകരണ വേദിയിലേക്ക് ആനയിച്ചത്. പരവൂരിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയും. ഇവിടെ കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ചാത്തന്നൂർ- പരവൂർ- പാരിപ്പളളി റോഡിന്റെ വികസനപ്രവർത്തനങ്ങൾ സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടി. നെടുങ്ങോലം, കെ.എസ്.ആർ.ടി.സി ഡിപ്പോ ജംഗ്ഷൻ ശ്രീഭൂതനാഥപുരം, പൂതക്കുളം, ചിറക്കര, ആദിച്ചനല്ലൂർ, പൂയപ്പള്ളി തുടങ്ങിയ അറുപതോളം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി സ്വീകരണം ഏറ്റുവാങ്ങി.