പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ കോതപുരം വാർഡിനോട് ചേർന്നുള്ള മൺട്രോത്തുരുത്ത് കിടപ്പുറം വടക്ക് വാർഡിൽ കുടിവെള്ള പൈപ്പിലൂടെ ജനങ്ങൾക്ക് കിട്ടുന്നത് ഉപ്പു കലർന്ന മലിന ജലമെന്ന് പരാതി. കല്ലടയാറിനോടുംഅഷ്ടമുടി കായലിനോടും ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശമാണിവിടം. ഇവിടെ മിക്ക സ്ഥലത്തും പൈപ്പ് ലൈനുകൾ കടന്നു പോകുന്നത് വെള്ളക്കെട്ടായ സ്ഥലത്തു കൂടിയാണ്. ഏതെങ്കിലും ഒരു ഭാഗത്ത് പൈപ്പ്ലൈൻ പൊട്ടിയാൽ അതുവഴി കായലിൽ നിന്നുള്ള ഉപ്പുവെള്ളം പൈപ്പ് ലൈൻ വഴി ഉള്ളിലേക്ക് പ്രവേശിക്കുകയും അത് പമ്പ് ഹൗസിൽ നിന്നുള്ള വെള്ളത്തോടൊപ്പം ടാപ്പുകളിൽ എത്തുകയും ചെയ്യും. ഈ വെള്ളമാണ് ഇപ്പോൾ ഇവിടുത്തുകാർ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ചുവരുന്നത്.

പരാതികൾക്ക് നടപടിയില്ല

നാട്ടുകാർ പലതവണ അധികൃതർക്ക് പരാതിപ്പെട്ടെങ്കിലും ഇന്നേവരെ യാതൊരു നടപടിയുമില്ല. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി ഏറ്റെടുത്തിട്ടുള്ള കരാറുകാർക്ക് മുൻകാലങ്ങളിൽ ചെയ്ത ജോലിയുടെ കുടിശ്ശിക തുക ലഭിക്കാത്ത കാരണത്താലാണ് ഇത് ശരിയാക്കാത്തത് എന്നാണ് അറിയുന്നത്.