പടിഞ്ഞാറെകല്ലട: ആദിക്കാട്ട് ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി കിണറ്റിൽ വീണ ജയപ്രകാശ്( 59) എന്നയാളെ ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നി രക്ഷാസേന ജീവനക്കാർ രക്ഷിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയും കിണറ്റിനുള്ളിൽ വായു സഞ്ചാരം കുറവാണെന്ന് മനസിലാക്കിയതോടെ ഓക്സിജൻ സിലിണ്ടർ തുറന്നു വിട്ട് കിണറിനുള്ളിലെ വായു സഞ്ചാരം സുഗമമാക്കിയ ശേഷം വളരെ സാഹസികമായാണ് ആളിനെ പുറത്തെത്തിച്ചത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫയർ ഓഫീസർമാരായ രതീഷ്, അഭിലാഷ്, വിജേഷ് ഡ്രൈവർമാരായ രാജീവൻ, ഷാനവാസ് ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.