
പ്രതിയെ ആദ്യം വിട്ടയച്ച് ആർ.പി.എഫ്
പ്രശ്നമാകുമെന്നായപ്പോൾ പിടികൂടി
കൊല്ലം: ചെന്നൈ മെയിലിൽ വനിതാ ടി.ടി.ഇയെ ആക്രമിക്കാൻ യാത്രക്കാരന്റെ ശ്രമം. ഇയാളെ ചോദ്യംചെയ്ത ശേഷം കൊല്ലത്തുവച്ച് വിട്ടയച്ച ആർ.പി.എഫ് സംഘം ട്രെയിൻ കായംകുളത്ത് എത്തിയപ്പോൾ പിടികൂടി. തിരുവനന്തപുരം- ചെന്നൈ മെയിലിലെ ടി.ടി.ഇ രജനി ഇന്ദിരയെ ആക്രമിക്കാൻ ശ്രമിച്ച ആലുവ സ്വദേശി റോജിയാണ് പിടിയിലായത്. രജനി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതോടെയാണ് വിട്ടയച്ചയാളെ പിന്നീട് പിടികൂടിയത്.
ട്രെയിൻ ഇന്നലെ വൈകിട്ട് നാലോടെ കൊല്ലം റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് രജനി പറയുന്നതിങ്ങനെ: എ.സി കമ്പാർട്ട്മെന്റിൽ സീറ്റ് മാറി കിടക്കുകയായിരുന്നു റോജി. ഈ സീറ്റിലെ യഥാർത്ഥ യാത്രക്കാരി ആവശ്യപ്പെട്ടത് പ്രകാരം ഒഴിഞ്ഞുനൽകാൻ റോജിയോട് പറഞ്ഞു. ഇതോടെ ബഹളമായി. വ്യക്തിപരമായി അപമാനിച്ചു. ഞാൻ തൊട്ടടുത്ത യാത്രക്കാരനടുത്തേക്ക് പോകുന്നതിനിടെ എന്റെ വീഡിയോ എടുക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞതോടെ മർദ്ദിക്കാൻ ശ്രമമായി. മറ്റ് യാത്രക്കാർ തടഞ്ഞതുകൊണ്ടാണ് രക്ഷപ്പെട്ടതെനും രജനി പറഞ്ഞു.
രജനി ഫോണിലൂടെ വിവരം അറിയിച്ചതിനെത്തുടർന്ന് ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ ആർ.പി.എഫ് സംഘവും റെയിൽവേ പൊലീസും കമ്പാർട്ട്മെന്റിൽ കയറി പ്രതിയുമായി സംസാരിച്ചു. പക്ഷേ കസ്റ്റഡിയിലെടുക്കാതെ മടങ്ങി. തുടർന്നാണ് രജനി ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് കൊല്ലം റെയിൽവേ പൊലീസിന് കൈമാറി.