കൊല്ലം: നഗരഹൃദയത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാർക്ക് ഭീഷണിയാകുന്നു. സെന്റ് ജോസഫ്സ് കോൺവെന്റ് ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രമാണ് മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടി അടർന്ന നിലയിലും പഴകി ദ്രവിച്ച കോൺക്രീറ്റ് കമ്പികൾ പുറത്തു കാണാവുന്നതരത്തിലു യാത്രക്കാരുടെ ജീവന് ഭീഷണിയായി നിൽക്കുന്നത്. ഇളകിയ കോൺക്രീറ്റ് പാളികൾ ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. മേൽക്കൂരയ്ക്ക് മുകളിൽ പാഴ്ചെടികളും വളർന്നിട്ടുണ്ട്. കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ കഴിച്ചിട്ട് ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങൾ അഴുകി കിടക്കുന്നതുകാരണം മൂക്ക് പൊത്താതെ സമീപത്ത് നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചുമർ നിറയെ പോസ്റ്റർ കൊണ്ട് നിറഞ്ഞിരിക്കുന്നു. എറണാകുളം ഭാഗത്തേക്ക് പോകാൻ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. സ്കൂൾകുട്ടികളും പ്രായമായവരുമടക്കം നിരവധി യാത്രക്കാരാണ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. മഴയത്തും വെയിലത്തും പുറത്ത് നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
വെളിച്ചമില്ല, സാമൂഹ്യവിരുദ്ധ ശല്യവും
രാത്രിയായൽ കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ഇരുട്ട് നിറയും. വെളിച്ചമില്ലാത്തത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വലയ്‌ക്കുന്നു. തെരുവ് വിളക്കിൽ നിന്നുള്ള നേരിയ വെളിച്ചം മാത്രമാണ് ഏക ആശ്രയം. രാത്രിയായൽ സാമൂഹ്യവിരുദ്ധരുടെയും ഭിക്ഷാടകരുടെയും താവളമാണിവിടം. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ആകെയുള്ള തെരുവ് വിളക്കുകൾ കൂടി പണിമുടക്കിയാൽ കാത്തിരിപ്പ് കേന്ദ്രം പൂർണമായും ഇരിട്ടിലാകും. ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളാണ് എറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. അധികൃതർ ഇടപെട്ട് എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കി കാത്തിരിപ്പ് കേന്ദ്രം ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.