കൊല്ലം: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മുതൽ 27ന് രാവിലെ ആറു വരെ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിയമവിരുദ്ധമായ പൊതുമീറ്റിംഗുകൾ, റാലികൾ, ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിൽ വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി നേതാക്കളും പ്രവർത്തകരും മണ്ഡലത്തിൽ തുടരുന്നത്, ഉച്ചഭാഷിണികളുടെ ഉപയോഗം, ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലെ അഭിപ്രായ-പോൾ സർവ്വേകൾ, പോളിംഗ് സ്റ്റേഷനുകളുടെ ഉള്ളിൽ സെല്ലുലാർ- കോഡ്ലെസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവയുടെ ഉപയോഗം തുടങ്ങിയവയ്ക്കാണ് നിരോധനം.
പ്രത്യേക അനുമതിയുള്ള പോളിംഗ് ഉദ്യോഗസ്ഥർ ഒഴികെയുള്ളവർ പോളിംഗ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ കോഡ്ലെസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവ ഉപയോഗിക്കരുത്. ഇലക്ഷൻ ദിവസം പോളിംഗ് സ്റ്റേഷന് 200 മീറ്റർ ചുറ്റളവിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കണം. ആയുധം കൈവശം സൂക്ഷിക്കാൻ അനുമതി ഉള്ളവർ ഒഴികെ പോളിംഗ് സ്റ്റേഷനിലോ പരിസരത്തോ ആയുധവുമായി എത്തരുത്.