
കൊല്ലം: കേരള പൊലീസിന്റെ ആർ.ആർ.എഫ്.(റാപിഡ് റെസ്‌പോൺസ് ഫോഴ്‌സ്) സേനയിലുള്ള ആയിരത്തോളം പൊലീസുകാർക്ക് അവശ്യസേന വിഭാഗത്തിലുള്ളവർക്കുള്ള വോട്ട് ചെയ്യാനായില്ല.
12 ഡി ഫോം ആണ് പൊലീസുകാർക്ക് വോട്ട് രേഖപ്പെടുത്താനായി നൽകേണ്ടത്. എന്നാൽ ആർ.ആർ.എഫിന്റെ മലപ്പുറം ഹെഡ് ഓഫീസിലെ നോഡൽ ഓഫീസർ 12 എന്ന ഫോം ആണ് വിതരണം ചെയ്തത്. ഫോം മാറി നൽകിയതിലുള്ള വീഴ്ചയാണ് വിനയായത്.
സേനയിലെ മുഴുവൻ പേരുടെയും വോട്ടിനുള്ള അപേക്ഷകൾ 12 ഫോം പ്രകാരം ശേഖരിച്ചിരുന്നു. 20 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് പൊലീസുകാർ വോട്ട് ചെയ്യാൻ തങ്ങളുടെ ജില്ലകളിലെ കൗണ്ടറുകളിലെത്തേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് ലിസ്റ്റിൽ പേരില്ലെന്ന് കണ്ടത്. തുടർന്ന് സേന ആസ്ഥാനത്ത് അന്വേഷിച്ചപ്പോഴാണ് മുഴുവൻ സേനാംഗങ്ങളുടെയും വോട്ട് മലപ്പുറം കളക്ടറേറ്റിലാണെന്ന് അറിഞ്ഞത്.
വിവരം മലപ്പുറത്തെ ഹെഡ്ക്വാർട്ടേഴ്‌സിൽ അറിയിച്ചപ്പോൾ, അവിടത്തെ കൗണ്ടിംഗ് സെന്ററിലെത്തി വോട്ട് ചെയ്യണമെന്ന മറുപടിയാണ് അധികൃതർ നൽകിയത്. മലപ്പുറം ജില്ലക്കാർക്ക് മാത്രമാണ് വോട്ട് ചെയ്യാനാകുക. കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിൽ വോട്ട് രേഖപ്പെടുത്താൻ അവധി നൽകാത്തതിലും സേനയക്കുള്ളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ദിവസങ്ങളേറെയുണ്ടായിട്ടും അവശ്യ വിഭാഗങ്ങൾക്കുള്ള വോട്ടിന് അപേക്ഷിക്കേണ്ട സമയപരിധി അവസാനിക്കുന്നതിന്റെ തലേദിവസമാണ് ജില്ലാ ആസ്ഥാനങ്ങളിലേക്ക് ഹെഡ് ഓഫീസിൽ നിന്ന് ഫോം എത്തിയത്.
ജില്ലാ ആസ്ഥാനങ്ങളിലുൾപ്പെടെ പ്രത്യേക ഇലക്ഷൻ സെൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫോം മാറിയത് ഇവരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. തിരുവനന്തപുരത്തെ തന്ത്രപ്രധാന മേഖലകളിലും രാജ് ഭവനിലും സെക്രട്ടേറിയറ്റിലും ഉൾപ്പെടെ ഗാർഡ് ഡ്യൂട്ടിയിൽ ആർ.ആർ.എഫ് അംഗങ്ങളുമുണ്ട്. ഇവർക്കും പോളിംഗ് ദിവസം ബൂത്തിൽ പോയി വോട്ട് ചെയ്യാനാകാത്ത സ്ഥിതിയാണ്. മലപ്പുറത്തെ ഹെഡ്ക്വാർട്ടേഴ്‌സിലെ നോഡൽ ഓഫീസർക്കുണ്ടായ വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി ഇലകടറൽ ഓഫീസറോടൊപ്പം ഡ്യൂട്ടിക്ക് മറ്റ് ജില്ലകളിൽ പൊയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും വോട്ട് രേഖപ്പെടുത്താനായിട്ടില്ല.