കൊല്ലം: നാടിളക്കിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം മാത്രം. വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പരമാവധി ആളുകളെ എത്തിക്കാനുള്ള അവസാനവട്ട പ്രചരണത്തിലാണ് മുന്നണികൾ. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളാണ് ആദ്യഘട്ടം മുന്നിലുണ്ടായിരുന്നത്. അല്പം വൈകിയെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥിയും കളം നിറഞ്ഞതോടെ പ്രചാരണത്തിൽ തീ പാറി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം പി.ബി അംഗങ്ങളായ സുഭാഷിണി അലി, എസ്.രാമചന്ദ്രൻ പിള്ള , സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ എന്നിവരാണ് പ്രചരണത്തിനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനായി പ്രതിപക്ഷനേതാവ് വിഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ.പി.സി.സി. ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസ്സൻ, രമേശ്‌ചെന്നിത്തല എന്നിവരുമെത്തിയിരുന്നു. എൻ.ഡി.എസ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് വേണ്ടി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ്, ബി.ജെ.പി.തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ, കുമ്മനം രാജശേഖരൻ എന്നിവർ രംഗത്തിറങ്ങി.
കൊട്ടിക്കലാശം ചിന്നക്കടയിൽ
എല്ലാ സ്ഥാനാർത്ഥികളുടെയും കൊട്ടിക്കലാശം ഇന്നു വൈകിട്ട് ചിന്നക്കടയിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രന്റെ യാത്ര രാവിലെ എട്ടിന് ചവറയിൽ നിന്നാരംഭിക്കും. വൈകിട്ട് 3.30 ന് ചിന്നക്കടയിൽ എത്തിച്ചേരും. മുകേഷിന്റെ യാത്രയുടെ തുടക്കം രാവിലെ 9ന് ഇരവിപുരം കാക്കത്തോപ്പ് നിന്നാരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം നഗരപരിധിയിൽ റോഡ്‌ഷോയോടെ കൊട്ടിക്കലാശത്തിനെത്തും. എൻ.ഡി എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ പര്യടനം രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ശക്തികുളങ്ങര സൗത്ത്, ശക്തികുളങ്ങളര നോർത്ത്, എന്നിവിടങ്ങളിൽ സന്ദർശനം നടത്തും . തുടർന്ന് വൈകിട്ട് അഞ്ചിന് റസ്റ്റ് ഹൗസിന് മുന്നി ൽ നടക്കുന്ന കൊട്ടി കലാശത്തിൽ പങ്കെടുക്കും
സമയം വൈകിട്ട് ആറ് വരെ
കൊട്ടിക്കലാശം ആറ് വരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്നത്. സുരക്ഷയക്കായി പൊലീസിന് പുറമേ ദ്രുതകർമ്മസേന, കേന്ദ്രസേനസംഘങ്ങളുണ്ടാവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരും വീഡിയോഗ്രാഫർമാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകും.