മടത്തറ: തുമ്പമൺ -മടത്തറ റൂട്ടിൽ റോഡിൽ നിന്ന് ഏലായിലേക്ക് ഇറങ്ങുന്ന ഭാഗത്തെ പടിക്കെട്ട് പൊളിച്ചു നീക്കിയത് പൂർവസ്ഥിതിയിലാക്കിയില്ലെന്ന് ആക്ഷേപം. ഈ ഭാഗത്ത് പാർശ്വഭിത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി ജെ.സി.ബി ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ ഇറക്കാനാണ് പടിക്കെട്ട് പൊളിച്ചു നീക്കിയത്. ഒരു മാസത്തിനകം പടിക്കെട്ട് നിർമ്മിക്കും എന്ന ഉറപ്പിലായിരുന്നു പൊളിച്ചത്. എന്നാൽ ജോലി കരാർ എടുത്തയാൾ ഉറപ്പില്ലാത്ത പടിക്കെട്ടുകൾ നിർമ്മിച്ച് ജോലി അവസാനിപ്പിക്കാൻ ശ്രമിക്കുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിസ്ഥാനമോ കോൺക്രീറ്റോ ഇല്ലാതെ മണ്ണിന്റെ മുകളിൽ ദുർബലമായ രീതിയിലാണ് ഇപ്പോൾ പടികൾ നിർമ്മിക്കുന്നതെന്നാണ് ആക്ഷേപം. വയലിലേക്കും കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേക്കുമുള്ള ഏക വഴിയായിരുന്നു ഈ പടിക്കെട്ട്. പടിക്കെട്ട് പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ കരാറുകാരനെതിരെ നിയമനടപടി സ്വീകരിയ്ക്കാനാണ് നാട്ടുകാരുടെ തീരുമാനം.