 റോഡ് നിറയെ കുഴികൾ, ടാറിംഗിൽ അപാകത

കൊല്ലം: ടാറിംഗിലെ അപാകതയും കുഴികളും കാരണം അപകടക്കെണിയായി നഗരത്തിലെ പ്രധാന റോഡുകൾ. ചിന്നക്കടയിൽ നിന്ന് ആശ്രാമം ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പലഭാഗത്തും റോഡ് ടാർ ചെയ്തിരിക്കുന്നത് ശരിയായ രീതിയിലല്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഒരുഭാഗം ഉയർന്നും മറുഭാഗം താഴ്ന്ന നിലയിലുമാണ്. ഇവിടെ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് അപകടമുണ്ടാകുന്നത് പതിവാണ്. വളവുള്ള ഭാഗത്താണ് അപകട സാദ്ധ്യത കൂടുതൽ. മഴക്കാലമാകുന്നതോടെ സ്ഥിതി മോശമാകുമെന്ന് യാത്രക്കാർ പറയുന്നു. ബസടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. കല്ലുപാലത്തിൽ നിന്ന് ഹൈസ്കൂൾ ജംഗ്ഷനിലേക്ക് പോകുമ്പോഴുള്ള ലക്ഷ്മിനട ഭാഗത്തും സ്ഥിതി സമാനമാണ്.

റോഡ് നിറഞ്ഞ് മരണക്കുഴികൾ

നഗരത്തിലെ പ്രധാന റോഡുകളായ പള്ളിത്തോട്ടം-കൊച്ചുപിലാംമൂട് റോഡ്, എസ്.എം.പി പാലസ് റോഡ്, കളക്ടറേറ്റിൽ നിന്ന് ആനന്ദവല്ലീശ്വരം വഴി വെള്ളയിട്ടമ്പലം ഭാഗത്തേക്കുള്ള റോഡ്, ലിങ്ക് റോഡ്, ആർ.ഒ.ബി റോഡ് എന്നിവയുടെ പലഭാഗത്തും ടാറിംഗും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ടു. കാങ്കത്ത്മുക്ക് ഭാഗത്ത് ടാറിളകിമാറി റോഡിൽ ഗർത്തമായി. റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും അധികൃതക്ക് കണ്ടഭാവമില്ലെന്നാണ് പരാതി. പബ്ലിക് ലൈബ്രറി, കെ.എസ്.ഇ.ബി ഓഫീസ്, എഫ്.സി.ഐ ഗോഡൗൺ, പൊലീസ് ക്ളബ്, വൈ.എം.സി.എ, സോപാനം ഓഡിറ്റോറിയം, ശ്രീമൂലം തിരുന്നാൾ പാലസ് തീയേറ്റർ, കളക്ടറേറ്റ്, സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ മാദ്ധ്യമസ്ഥാപനങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ റോഡുകളുടെ ഇരുവശത്തും പ്രവർത്തിക്കുന്നത്. റോഡിന്റെ ദുരവസ്ഥ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനവും ഉണ്ടാകുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും. കാൽനട യാത്രക്കാരും പ്രായമായവരും പ്രയാസപ്പെട്ടാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. ‌ടാറിംഗ് ഇല്ലാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്. മഴ പെയ്താൽ റോഡുകളെല്ലാം തോടാകും. റോഡ് നവീകരണത്തിന് കരാർ ഏറ്റെടുക്കാൻ ആളെ കിട്ടുന്നില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യേഗസ്ഥർ നൽകുന്ന വിശദീകരണം.