അനർഹരെ ഒഴി​വാക്കൽ പുരോഗമി​ക്കുന്നു

കൊല്ലം: തുടർച്ചയായി മൂന്ന് മാസം ഇ- പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങാത്ത, ജി​​ല്ലയി​ലെ 5,558 കാർഡ് ഉടമകളെ മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. അനർഹർ റേഷൻ മുൻഗണനാലിസ്റ്റിൽ കയറിക്കൂടിയെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ നിന്ന് 5099 പേരെയും എ.എ.വൈ (മഞ്ഞക്കാർഡ്) വിഭാഗത്തിൽ നിന്ന് 480 പേരെയും എൻ.പി.എസ് (നീലക്കാർഡ്) വിഭാഗത്തിൽ നിന്ന് 9 പേരെയുമാണ് ഒഴിവാക്കിയത്.

അനർഹർ മുൻഗണന ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഇവർ റേഷൻ സാധനങ്ങൾ വാങ്ങുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. പരിശോധനയിൽ, അർഹരായിട്ടും ലിസ്റ്റിൽ ഉൾപ്പെടാതിരുന്നവരെ കണ്ടെത്തി പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ പുറത്തായത് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ പരിധിയിലാണ്, 2,963. പുനലൂർ താലൂക്കിലാണ് ഏറ്റവും കുറവ്. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരുന്നവർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരി​ക്കുകയാണെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.

 ജില്ലയിൽ ആകെ റേഷൻ കാർഡുകൾ - 7,94,494

 ഗുണഭോക്താക്കൾ- 27,96,233

 പി.എച്ച്.എച്ച്- 11,50,549

 എ.എ.വൈ -1,57,282

 എൻ.പി.എസ് -6,59,763

 എൻ.പി.എൻ.എസ്-8,27,656

 എൻ.പി.ഐ-983


മുൻഗണന പട്ടികയിലെ അർഹതയില്ലാത്തവർ


 കേന്ദ്ര -സംസ്ഥാന ഉദ്യോഗസ്ഥർ

 വിവിധ സർക്കാർ പെൻഷൻ വാങ്ങുന്നവർ

 25000 രൂപയ്ക്ക് മുകളിൽ മാസവരുമാനമുള്ളവർ

 വിദേശത്ത് ജോലിചെയ്യുന്നവർ

 1000ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ

 ഡോക്ടർമാർ,

 സ്വന്തമായി കാറുള്ളവർ

 ഒന്നിലധികം വീട് സ്വന്തമായുള്ളവർ


തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെയും സർക്കാർ നൽകിയിരുന്ന കിറ്റുകൾ വാങ്ങാതിരുന്നവരുടെയും വിവരങ്ങൾ റേഷനിംഗ് ഇൻസ്‌പെക്ടർ ശേഖരിച്ച് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നൽകിയിരുന്നു. ഇതിന്റെ തുടർനടപടികൾ പുരോഗമി​ക്കുകയാണ്

സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ