photo
എം. മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏരൂർ പ‌ഞ്ചായത്തിലെ തുമ്പോട് നടന്ന കുടുംബയോഗം മന്ത്രി കെ.ബി. ഗണേശ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡി.എഫ് വൻ വിജയം കരസ്ഥമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ പറഞ്ഞു. മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏരൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ കുടുംബ യോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൂര പ്രതിസന്ധിക്ക് കാരണമായത് പൊലീസ് കമ്മിഷണർക്ക് വെടിക്കെട്ട് പകൽ ആണോ രാത്രിയിൽ ആണോ നടത്തേണ്ടത് എന്ന ധാരണ ഇല്ലാത്തതിലാണ്. അഞ്ചൽ സ്വദേശിയായ പൊലീസ് കമ്മീഷണർക്ക് തൃശൂർ പൂരത്തെ കുറിച്ച് വ്യക്തമായി ധാരണ ഇല്ലാത്തത് മഹാകഷ്ടമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് എതിരായി യു.ഡി.എഫ് പടച്ചുവിടുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതാണ്. ഇത് കേന്ദ്ര ഏജൻസികൾക്കും ബോദ്ധ്യമുണ്ട്. ആരോപണങ്ങൾ കുമിളകൾ പോലെ പൊട്ടിപ്പോയ അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു. തുമ്പോട് നടന്ന കുടുംബയോഗത്തിൽ സി.പി.ഐ. നേതാവ് തുമ്പോട് ഭാസി അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, അഡ്വ.പി.ആർ.ബാലചന്ദ്രൻ, ജി.അജിത്ത്, ശൈലേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. അഗസ്ത്യക്കോട് കുശിനിമുക്കിൽ നടന്ന കുടുംബയോഗത്തിൽ ഡി.വിശ്വസേനൻ, സുജാചന്ദ്രബാബു, രഞ്ജു സുരേഷ്, ലിജു ജമാൽ, വി.എസ്.ഷിജു, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.