കൊല്ലം: പത്തനാപുരത്ത് കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നവാസ് ഖാൻ, എൽ.ഡി.എഫിന്റെ പത്തനാപുരത്തെ വാർഡ് മെമ്പറുമായ അനന്തുപിള്ള എന്നിവർക്കാണ് പരിക്ക് . പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിലായിരുന്നു കൊട്ടിക്കലാശം നടന്നത്. ആറ് മണിക്ക് കൊട്ടിക്കലാശത്തിന്റെ സമയം അവസാനിച്ചതിനെതുടർന്ന് പൊലീസ് കൊട്ടിക്കലാശത്തിനെത്തിയ വാഹനങ്ങളുടെ മൈക്ക് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഇരുവിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കത്തിലും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു.
തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ സമീപത്തുണ്ടായിരുന്ന കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്‌ളക്‌സ്‌ബോർഡുകളും തകർത്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചതോടെ വീണ്ടും സ്ഥലത്ത് സംഘർഷാവസ്ഥയായി. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ പത്തനാപുരം മാർക്കറ്റ് ജംഗ്ഷനിൽ പ്രകടനം നടത്തുകയും എൽ.ഡി.എഫ് പ്രവർത്തകർ നശിപ്പിച്ച കൊടിമരം പുന:സ്ഥാപിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.