കൊല്ലം: പോളിംഗ് ബൂത്തിലേക്ക് പോകാൻ നാടൊരുങ്ങുമ്പോൾ പൂർ‌ണ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ.ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള കൊല്ലത്ത് മണ്ഡലം തിരിച്ചിപിടിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ് ശ്രമിക്കുമ്പോൾ മണ്ഡലം നിലനിറുത്താനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ പരിശ്രമം. കൊല്ലത്ത് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന പൂർണ വിശ്വാസത്തിലാണ് എൻ.ഡി.എ സ്ഥാനാർ‌ത്ഥി ജി.കൃഷ്ണകുമാർ.

കേരളഭരണത്തിന്റെ കൂടി വിലയിരുത്തലാകും തിരഞ്ഞെടുപ്പ്. കഴിഞ്ഞ രണ്ടു മാസക്കാലമായി വിശ്രമമില്ലാതെ ജനങ്ങളെ കാണുകയാണ്. ഇതുവരെ നടന്ന പ്രചാരണ, സ്വീകരണ പരിപാടികളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അവരിൽ ഒരാളായാണ് ജനങ്ങൾ എന്നെ കാണുന്നത്. ഇതിലൂടെ പ്രതീക്ഷ വർദ്ധിക്കുകയാണ്. അപവാദ പ്രചരണങ്ങൾക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ ശക്തമായി മറുപടി നൽകും.നല്ല ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്ന പൂർണ വിശ്വാസമുണ്ട്

എൻ.കെ. പ്രേമചന്ദ്രൻ

......................................

എൽ.ഡി.എഫ് അനുകൂല തരംഗമാണ് എങ്ങും കാണാൻ കഴിയുന്നത്. സ്വീകരണ പരിപാടികളിലും മറ്റും വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ജനങ്ങൾ കൂടെ ഉണ്ടാകുമെന്ന പൂർണ വിശ്വാസമുണ്ട്. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് പ്രതീക്ഷ. സർക്കാരിനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ വിലപ്പോകില്ല. ഇടതുപക്ഷം ജനങ്ങളുടെ പക്ഷത്താണെന്ന് ഇതിനോടകം അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ടതാണ്. അതാണ് ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനം.

എം.മുകേഷ്

..........................................

മാറ്റം വേണമെന്ന് ജനങ്ങൾ ശക്തമായി ആഗ്രഹിക്കുന്നുണ്ട്. പ്രചരണ പരിപാടികൾ കേരള സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം പ്രകടമായി തന്നെ അനുഭവപ്പെട്ടു. മോദിയാണ് ശരിയെന്നും ജനക്ഷേമത്തിനാണ് കേന്ദ്രസർക്കാ‌ർ ശ്രമിക്കുന്നതെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കാലങ്ങളായി ഇടത്, വലത് മുന്നണികൾക്ക് വോട്ടു ചെയ്തിട്ട് ഒരു വികസനവും ഇല്ലായെന്നാണ് ജനങ്ങൾ പറയുന്നത്. ഇതുവരെ വളരെ അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്.വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൊല്ലത്ത് താമര വിരിയും

ജി.കൃഷ്ണകുമാ‌ർ