kottikkalasham
എഴുകോണിലെ കൊട്ടിക്കലാശം

എഴുകോൺ : എഴുകോണിൽ നടന്ന കലാശക്കൊട്ട് പ്രവർത്തകർക്ക് ആവേശമായി.

എൽ.ഡി.എഫ്, യു.ഡി.എഫ്.,എൻ.ഡി.എ പ്രവർത്തകർ കൂറ്റൻ പതാകകളും പ്ലക്കാർഡുകളുമേന്തി കളം നിറഞ്ഞു. ചെണ്ടയും തംബോലവും അടക്കമുള്ള വാദ്യഘോഷങ്ങളും നിശ്ചല ദൃശ്യങ്ങളും കലാശക്കൊട്ടിന് കൊഴുപ്പേകി. എൽ.ഡി.എഫ് സംഘമാണ് എഴുകോൺ ജംഗ്ഷനിൽ ആദ്യമെത്തിയത്. വലിയ പതാകകളുമേന്തി ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരും അണിനിരന്നു. പിന്നാലെ ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകരും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയെത്തി. തുടർന്ന് പഞ്ചായത്ത് ചുറ്റി പര്യടനം നടത്തി യു.ഡി.എഫ് പ്രവർത്തകരും എത്തിയതോടെ ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.

വലഞ്ഞ് യാത്രക്കാർ

അഞ്ച് മണിക്ക് ശേഷം എഴുകോണിൽ തുടങ്ങിയ ഗതാഗതക്കുരുക്ക് ഏതാനും മിനിറ്റുകൾക്കകം സമ്പൂർണ സ്തംഭനമായി. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ അന്തസംസ്ഥാന സർവീസായ നാഗപ്പട്ടണം ബസടക്കം നിരവധി ബസുകളും യാത്രാ - ചരക്ക് വാഹനങ്ങളും വഴിയിൽ കുടുങ്ങി. ആറ് മണിക്ക് കലാശക്കൊട്ട് അവസാനിച്ച ശേഷവും ഏറെ സമയം പണിപ്പെട്ടാണ് പൊലീസ് ഗതാഗതം സുഗമമാക്കിയത്.

അഗ്നിരക്ഷാ വാഹനവും ആംബുലൻസും തിരക്കിൽപ്പെട്ടു

കലാശക്കൊട്ട് അവസാനിക്കുന്നതിന് തൊട്ടു മുൻപെത്തിയ അഗ്നി രക്ഷാ സേനാ വാഹനവും ആംബുലൻസും ഗതാഗത കുരുക്കിൽ പെട്ടത് ആശങ്കയ്ക്ക് കാരണമായി. നെടുമ്പായിക്കുളത്ത് കനാലിൽ വീണ ആടിനെ രക്ഷിച്ചിട്ട് മടങ്ങുകയായിരുന്നു കൊട്ടാരക്കരയിലെ അഗ്നി രക്ഷാ സേന. ഷാ മൻസിലിൽ ഷെരീഫിന്റെ ആടാണ് തീറ്റയെടുക്കുന്നതിനിടെ വെള്ളം നിറഞ്ഞു കിടക്കുന്ന കനാലിൽ അകപ്പെട്ടത്.