പുനലൂർ: കൊല്ലം ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് പുനലൂരിൽ സമാധാനപരമായി കൊട്ടിക്കലാശം നടന്നു. ഇന്നലെ വൈകിട്ട് 6ഓടെ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നീ മൂന്ന് മുന്നണികളുടെയും നേതൃത്തിലെത്തിയ പ്രവർത്തകർ കൊട്ടിക്കലാശം നടത്തിയത്. പോസ്റ്റോഫീസ് ജംഗ്ഷനിൽ കേന്ദ്രീകരിച്ച യു.ഡി.എഫും, ടി.ബി.ജംഗ്ഷനിൽ നിന്ന് എൻ.ഡി.എയും പവർ ഹൗസ് ജംഗ്ഷനിൽ നിന്നെത്തിയ എൽ.ഡി.എഫ് പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപത്തെത്തിയാണ് കൊട്ടിക്കലാശം നടത്തിയത്. എം.മുകേഷ്, എൻ.കെ.പ്രേമചന്ദ്രൻ, ജി.കൃഷ്ണകുമാർ എന്നി മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുടെ പിടിച്ച് നൃത്തം വച്ചായിരുന്നു വനിതകൾ ടൗണിൽ എത്തിയത്. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത,വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ,ഇടത് മുന്നണി നേതാക്കളായ എസ്.ബിജു,വി.പി.ഉണ്ണികൃഷ്ണൻ, എഫ്.കാസ്റ്റുലസ് ജൂനിയർ, എ.ആർ.കുഞ്ഞുമോൻ,തടിക്കാട് ഗോപാലകൃഷ്ണൻ എന്നിവരും യു.ഡി.എഫ് നേതാക്കളായ അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, നെൽസൺ സെബാസ്റ്റ്യൻ, സി.വിജയകുമാർ, എം.നാസർഖാൻ, എൻ.ഡി.എ നേതക്കളായ രഞ്ജിത്ത് പരവട്ടം, ബാഹുലേയൻ, ഇടമൺ സുധീർ ബാബു തുടങ്ങിയവരും കൊട്ടിക്കലാശത്തിന് നേതൃത്വം നൽകി.