ശാസ്താംകോട്ട: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കുന്നത്തൂരിലും കൊട്ടിക്കലാശം ഗംഭീരമായി. കുന്നത്തൂർ മണ്ഡലത്തിന്റെ പ്രധാന കേന്ദ്രമായ ഭരണിക്കാവിലായിരുന്നു പ്രധാന കേന്ദ്രം. വൈകിട്ട് അഞ്ചോടെ വിവിധ മേഖലകളിൽ നിന്നുമുള്ള പ്രചരണ വാഹനങ്ങളും റോഡ് ഷോകളും ഭരണിക്കാവിലെത്തി. ഡി.ജെ ശബ്ദസംവിധാനത്തിന്റെ താളത്തിനൊപ്പം നൃത്തം ചവിട്ടിയും കൊടി വീശിയും മുദ്രവാക്യം വിളിച്ചും പ്രവർത്തകർ ആവേശത്തിലായി. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നീ കക്ഷികളാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. എല്ലാ പാർട്ടികളുടെയും നേതാക്കൻമാരും ജനപ്രതിനിധികളും നേതൃത്വം നൽകി. താലൂക്കിലെ മറ്റ് പ്രധാന കേന്ദ്രങ്ങളായ ചക്കുവള്ളി, കാരാളിമുക്ക് , മൈനാഗപ്പള്ളി, പതാരം, ശൂരനാട് ഹൈസ്കൂൾ ജംഗ്ഷൻ, നെടിയവിള തുടങ്ങിയ സ്ഥലങ്ങളിലും പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കൊട്ടിക്കലാശങ്ങളും അരങ്ങേറി.
ഇനി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിൽ മുന്നണികൾ
പരസ്യപ്രചരണങ്ങൾക്കൊടുവിൽ വോട്ടുറപ്പിക്കാനുള്ള തത്രപാടുമായി മുന്നണികൾ സജീവമായി. മൂന്നു പ്രധാന മുന്നണികളുടെ പ്രവർത്തകരും ബാലറ്റ് പരിചയപ്പെടുത്താനും സ്ലിപ്പ് വിതരണവുമായി രംഗത്തുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയവും പഞ്ചായത്തുകളിലെ മുൻതൂക്കവും ഇടതു പക്ഷത്തിന് പ്രതീക്ഷ നൽകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണപരാജയവും സിറ്റിംഗ് എം.പിയുടെ വികസന പ്രവർത്തനവുമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നരേന്ദ്ര മോദിയുടെ തുടർ ഭരണമാണ് എൻ.ഡി.എ ലക്ഷൃമാക്കുന്നത്.