cr

സി​.ആർ. മഹേഷ് എം.എൽ.എയ്ക്ക് കല്ലേറി​ൽ പരി​ക്ക്

സി​.പി​.എം നേതാവ് സൂസൻ കോടി​ക്കും പരി​ക്ക്

കരുനാഗപ്പള്ളി: കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളി ജംഗ്ഷനിൽ എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം പൊടുന്നനെയാണ് തെരുവ് യുദ്ധമായി മാറിയത്. രണ്ടര മണിക്കൂറോളം ജംഗ്ഷൻ സംഘർഷ ഭരി​തമായി​.

കൊടികൾ കെട്ടിയിരുന്ന കമ്പുകൾ ഉപയോഗിച്ചാണ് ആദ്യം ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പിന്നീട് പ്രചരണ ബോർഡുകൾ തകർത്ത് പട്ടിക കഷ്ണങ്ങൾ ആയുധമാക്കി. പൊലീസ് ലാത്തി വീശിയതോടെ ചിതറിയോടിയ ശേഷമാണ് പരസ്പരം കല്ലേറ് നടത്തിയത്. കലാശക്കൊട്ട് കാണാനായി ജംഗ്ഷനിൽ വലിയൊരുവിഭാഗം ജനങ്ങളും തടിച്ചുകൂടിയിരുന്നു. സംഘർഷമുണ്ടായതോടെ ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പലർക്കും പരിക്കേറ്റു. പൊലീസ് ലാത്തിവീശുമ്പോൾ ചിതറിയോടുന്ന പ്രവർത്തകർ വീണ്ടും സംഘടിച്ച് പലതവണ ഏറ്റുമുട്ടിയതോടെയാണ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്. കരുനാഗപ്പള്ളി ജംഗ്ഷനിൽ രണ്ടര മണിക്കൂറിലേറെ ഗതാഗതവും സ്തംഭിച്ചു. ഈ സമയം വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും തടസപ്പെട്ടു.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സി.ആർ. മഹേഷ് എം.എൽ.എ അടക്കമുള്ള യു.ഡി.എഫ് പ്രവർത്തകരെ ആലപ്പുഴയിലെ സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ, കൊല്ലം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.സി. രാജൻ, തൊടിയൂർ രാമചന്ദ്രൻ അടക്കമുള്ള നേതാക്കൾ സന്ദർശിച്ചു. സൂസൻ കോടി അടക്കമുള്ള എൽ.ഡി.എഫ് നേതാക്കളെ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ തുടങ്ങിയവർ സന്ദർശിച്ചു.

വഴിയാത്രക്കാരെയും തല്ലിയോടിച്ച് ദ്രുതകർമ്മസേന

സംഘർഷം തുടങ്ങിയതോടെ കരുനാഗപ്പള്ളി ജംഗ്ഷനിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവർ തൊട്ടടുത്തുള്ള സ്ഥാപനങ്ങൾക്കുള്ളിൽ അഭയം പ്രാപിച്ചു. രക്ഷപ്പെട്ടോടുന്നതിനിടെ ഇവരിൽ പലർക്കും ലാത്തിച്ചാർജ്ജേറ്റു. കല്ലേറിൽ ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റതോടെ അവരും ഏറ്റുമുട്ടലിനിറങ്ങി. സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ആറ് മണിയോടെ സ്ഥലത്തെത്തിയ ദ്രുതകർമ്മസേന നടത്തിയ ലാത്തിച്ചാർജ്ജിൽ പാർട്ടി പ്രവർത്തകർക്ക് പുറമേ നിരവധി വഴിയാത്രക്കാരെ വീണ്ടും തല്ലിയോടിച്ചു.

കല്ല് പതിച്ചത് സി.ആർ. മഹേഷിന്റെ നെഞ്ചിൽ

യു.ഡി.എഫ് പ്രവർത്തകരെ സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുന്നതിനിടെ സി.ആർ. മഹേഷ് എം.എൽ.എയുടെ തലയിൽ ആദ്യം കല്ലു പതി​ച്ചു. തൊട്ടടുത്ത നിമിഷം തന്നെ എൽ.ഡി.എഫ് പ്രവർത്തകർ എറിഞ്ഞ പാറക്കല്ല് അദ്ദേഹത്തിന്റെ നെഞ്ചിലേറ്റു. സി.ആർ. മഹേഷ് കല്ലേറേറ്റ് വീഴുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പടരുന്നുണ്ട്.

പൊലീസിന്റെ ഗുരുതര വീഴ്ച

ഇരുവിഭാഗം പ്രവർത്തകർ നേർക്കുനേർ എത്തുന്നത് തടയുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയാണ് കരുനാഗപ്പള്ളിയിൽ തെരുവ് യുദ്ധം സൃഷ്ടിച്ചത്. പ്രശ്നബാധിത മേഖലയായിട്ടും കൂടുതൽ പൊലീസ് സംഘത്തെ കലാശക്കൊട്ട് സമയത്ത് സ്ഥലത്ത് നിയോഗിച്ചിരുന്നില്ല.