കൊല്ലം: ജില്ലയാകെ ഇളക്കിമറിച്ച പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശം ആവേശകരമായി. ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകൾ. കൂട്ടലും കിഴിക്കലും നടത്തി പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് മുന്നണി പ്രവർത്തകർ.
മണ്ഡലാടിസ്ഥാനത്തിലും മുന്നണികൾ കലാശക്കൊട്ട് സംഘടിപ്പിച്ചിരുന്നു. രാവിലെ മുതൽ സ്ഥാനാർത്ഥികൾ വിവിധ സ്ഥലങ്ങളിൽ സജീവ പ്രചാരണത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം മണ്ഡലങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാണ് സ്ഥാനാർത്ഥികൾ റോഡ് ഷോയ്ക്കെത്തിയത്. ഓരോ മുന്നണിക്കും പ്രത്യേകം സ്ഥലം പൊലീസ് നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും കൊട്ടിക്കലാശം അവസാന നിമിഷങ്ങളിലേക്ക് കടന്നതോടെ അതിർവരമ്പുകളില്ലാത്ത ആവേശമായി.
ഉച്ചയ്ക്ക് രണ്ട് മുതൽ തന്നെ ചിന്നക്കടയും പരിസരപ്രദേശങ്ങളും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. യു.ഡി.എഫ് പ്രവർത്തകരാണ് ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ ആദ്യം കളം പിടിച്ചത്. സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ വൈകിട്ട് 4.30ന് ചിന്നക്കടയിലെത്തി. ഇതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. പേപ്പർ പോപ്പറുകൾ പൊട്ടിച്ച വാദ്യഘോഷത്തോടെ അവർ സ്ഥാനാർത്ഥിയെ വരവേറ്റു.
കോൺഗ്രസ് പ്രവർത്തകർ ആവേശത്തിരയിളക്കുന്നതിനിടയിലേക്കാണ് കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡി.ജെയുമായി എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറും പ്രവർത്തകരും എത്തിയത്. റെസ്റ്റ് ഹൗസിന് സമീപത്തെ റോഡിലായിരുന്നു എൻ.ഡി.എയ്ക്കുള്ള സ്ഥാനം പൊലീസ് നൽകിയത്. സ്ഥാനാർത്ഥി ജി. കൃഷ്ണകുമാർ എത്തിയതോടെ ഏവരുടെയും ശ്രദ്ധ ചിന്നക്കട റൗണ്ടിന് സമീപത്ത് നിറുത്തിയിട്ടിരുന്ന ക്രെയിനിലേക്കായിരുന്നു. ക്രെയിനിൽ പ്രത്യേകം സജ്ജമാക്കിയ ഇരുമ്പ് കൂട്ടിലേക്ക് കൃഷ്ണകുമാർ കയറി. ക്രെയിൻ ഉയരത്തിലെത്തിയപ്പോൾ അദ്ദേഹം ബി.ജെ.പി പതാക ഉയർത്തിയതോടെ ആവേശം വാനോളമായി.
കൊട്ടിക്കലാശം അവസാനിക്കാൻ അരമണിക്കൂർ ഉള്ളപ്പോഴാണ് ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുമെന്ന ഗാനത്തിന്റെ അകമ്പടിയോടെ തീരദേശത്തെ റോഡ് ഷോ കഴിഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിനൊപ്പം പ്രവർത്തകരെത്തിയത്.
എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വരദരാജൻ, എ. രാജു, മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവർക്കൊപ്പമായിരുന്നു മുകേഷിന്റെ വരവ്. മുഖത്ത് ചായം കൊണ്ട് അരിവാൾ ചുറ്റിക ചിഹ്നം വരച്ച് നിരവധി പ്രവർത്തകർ റോഡ് ഷോയിലുണ്ടായിരുന്നു. കൃത്യം ആറ് മണിയോടെ പൊലീസെത്തി നിർദേശം നൽകിയതോടെയാണ് ഒന്നരമാസത്തെ പരസ്യ പ്രചരണത്തിന് അവസാനമായത്. എ.സി.പി അനുരൂപിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമായിരുന്നു ചിന്നക്കടയിലും പരിസരത്തുമുണ്ടായിരുന്നത്.