കരുനാഗപ്പള്ളി: സമാധാനപരമായി നടക്കേണ്ടിയിരുന്ന കൊട്ടിക്കലാശത്തിനിടെ ബോധപൂർവ്വമായി ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനുള്ള പരിശ്രമമാണ് നടന്നതെന്ന് എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ കക്ഷികൾക്ക് വിഭജിച്ചു നൽകിയ സ്ഥലങ്ങളിലാണ് പ്രവർത്തകർ അണിനിരന്നത്.
പൊലീസ് സ്റ്റേഷന് കിഴക്കുഭാഗത്തായി അണിനിരന്ന എൽ.ഡി.എഫ് പ്രവർത്തകരായ വനിതകളുടെ പ്രകടനത്തിനിടയിലേക്ക് അനധികൃതമായി കൂറ്റൻ ലോറിയിൽ തയ്യാറാക്കിയ ഡി.ജെ സിസ്റ്റവും ജനറേറ്റർ ക്യാബിനും ഉൾപ്പെടെ ഇടിച്ചു കയറ്റാൻ നടത്തിയ പരിശ്രമം ആണ് ആക്രമണ സംഭവങ്ങൾക്കിടയാക്കിയത്. കല്ലേറിൽ നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റത്തോടെ സി.ആർ. മഹേഷ് എം.എൽ.എ തന്നെ ആക്രമിച്ചു എന്ന തരത്തിലുള്ള പ്രചരണം അഴിച്ചുവിട്ട് സഹപ്രവർത്തകരുമായി ആശുപത്രിയിലേക്ക് മാറുകയായിരുന്നു. എൽ.ഡി.എഫിന്റെ വൻ മുന്നേറ്റം കണ്ട് വിളറി പൂണ്ട് യു.ഡി.എഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ നാടകീയ സംഭവങ്ങളാണ് ഉണ്ടായതെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.