തഴവ: മരണത്തിലും മണ്ണിനെ പ്രണയിച്ചാണ് പ്രശസ്ത കൃഷി ശാസ്ത്രജ്ഞയായ രോഹിണി അയ്യരുടെ യാത്ര. മണ്ണിനും പച്ചപ്പിനും കൃഷിക്കുമായി ജീവിതം സമർപ്പിച്ച രോഹിണി അയ്യർ തന്റെ ഭൗതികദേഹം മണ്ണിലെ സൂക്ഷ്മ പ്രാണികൾക്ക് ഉപകാരപ്പെടുത്തണമെന്ന് നേരത്തെ തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നു.
തഴവയുടെ പൈതൃക സ്വത്തായ തഴപ്പായയുടെ പുനരുജ്ജീവനത്തിന് മുള്ളില്ലാത്ത കൈതച്ചെടികൾ രോഹിണി അയ്യർ വികസിപ്പിച്ചെടുത്തിരുന്നു. ആ കണ്ടെത്തൽ തഴവയിലെ തഴപ്പാ തൊഴിലാളികളുടെ ജീവിതത്തിലും പച്ചപ്പ് സൃഷ്ടിച്ചു. കൂടാതെ പ്രകൃതി സൗഹാർദമായ തരത്തിൽ ഉപയോഗിക്കാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത റബ്ബർ പൂച്ചെട്ടികൾ, വിവിധ ജൈവവളങ്ങൾ, ലാഭകരമായ ബഡ്ഢിംഗ് രീതികൾ, ഓണട്ടുകരയ്ക്കായി വികസിപ്പിച്ചെടുത്ത പുതിയ കാർഷിക കലണ്ടർ എന്നിവ ഇവരുടെ സംഭാവനകളാണ്. വെള്ളായിണി കാർഷിക സർവ്വകലാശാലയിൽ നിന്നു ബരുദവും ഡൽഹി ഐ.എ.ആർ.ഐയിൽ നിന്നു പി.എച്ച്ഡിയും നേടിയ രോഹിണി അയ്യർ കാസർകോട് സി.പി.സി.ആർ.ഐയിലെ എച്ച്.ഒ.ഡിയായാണ് വിരമിച്ചത്. ഭർത്താവായ കൃഷി ശാസ്ത്രജ്ഞൻ ആർ.ഡി. അയ്യരുമായി ചേർന്നായിരുന്നു രോഹിണി അയ്യരുടെ പല പരീക്ഷണങ്ങളും.
രോഹിണി അയ്യരും ആർ.ഡി. അയ്യരും മാനേജിംഗ് ട്രസ്റ്റികളായ നവശക്തി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ പോഷകാഹാര തോട്ടം സജ്ജമാക്കിയിരുന്നു.