ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ വികസനം തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചയാക്കി എൽ.ഡി.എഫും യു.ഡി.എഫും. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ വഴിയുള്ള എക്സ്പ്രസ്സ് ട്രൈനുകൾക്ക് സ്റ്റോപ്പില്ല. മാവേലി, ഏറനാട്, ഇന്റർസിറ്റി എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി പാസഞ്ചേഴ്സ് അസോസിയേഷനും രംഗത്തുണ്ട്.
കോട്ടങ്ങൾ പറഞ്ഞ് എൽ.ഡി.എഫ്
ആദർശ് പദവി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടക്കാത്തതാണ് ഇടതുപക്ഷമുന്നയിക്കുന്ന പ്രധാന ആരോപണം.
കുന്നത്തൂർ, അടൂർ താലൂക്കുകളിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കൊടിക്കുന്നിൽ സുരേഷ് എം.പി കാര്യമായ ഇടപെടൽ നടത്തുന്നില്ല.
ഒന്നര കിലോമീറ്ററിലധികം നീളമുള്ള പ്ലാറ്റ്ഫോമിൽ മേൽക്കൂരയുള്ളത് അമ്പത് മീറ്ററിൽ താഴെ മാത്രം.
യാത്രക്കാർ മഴയും വെയിലുമേറ്റു നിൽക്കണ്ട സ്ഥിതിയാണ്.
പ്രഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും കുടിവെള്ള സൗകര്യവും പരിമിതമാണ്.
കൊവിഡ് സമയത്ത് നിറുത്തലാക്കിയ മംഗലാപുരം എക്സ് പ്രസിന്റെ സ്റ്റോപ്പ് ശാസ്താംകോട്ടയിൽ മാത്രം പുന:സ്ഥാപിക്കാത്തതും എം.പി.യുടെ കഴിവുകേടാണെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം.
നേട്ടങ്ങൾ പറഞ്ഞ് യു.ഡി.എഫ്
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പത്തോളം എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിച്ചു.
റിസർവേഷൻ സൗകര്യങ്ങൾ ഉൾപ്പടെ ഏർപ്പെടുത്തി.
സ്റ്റേഷന്റെ പുതിയ കെട്ടിടം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉണ്ടാകുന്നതിലും കൊടിക്കുന്നിൽ സുരേഷ് എം.പി മുൻകൈയെടുത്തു.