 വെയിലും മഴയും കൊണ്ട് വലഞ്ഞ് യാത്രക്കാർ

കൊല്ലം: പൊളിച്ചു നീക്കി നാളേറെയായിട്ടും കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനർനിർമ്മിക്കാത്തത് കാരണം ബസ് സ്റ്റോപ്പുകളിൽ വെയിലും മഴയും കൊണ്ട് വലഞ്ഞ് യാത്രക്കാർ. പാർവതി മില്ലിന് സമീപത്തും അഞ്ചുകല്ലുംമൂട്ടിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ ദുരിതമനുഭവിക്കുന്നത്.

മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് പാർവതി മില്ലിന് സമീപത്തെ ബസ് ഷെൽട്ടർ പൊളിച്ചു നീക്കിയത്. ചിന്നക്കട, കൊട്ടിയം, ആശ്രാമം ഭാഗത്തേക്കുള്ള ബസുകളാണ് ഇവിടെ നിറുത്തുന്നത്.

ജില്ലാ ആശുപത്രിയിലും മറ്റും എത്തുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ കൈകുഞ്ഞുങ്ങളുമായി പൊരി വെയിലത്ത് ബസ് കാത്ത് നിൽക്കുന്നത്. സുരക്ഷിതമായല്ല ഇവിടെ ബസുകൾ നിറുത്തുന്നതെന്നും പരാതിയുണ്ട്. പലപ്പോഴും സീബ്രാലൈനിലാണ് ബസുകൾ നിറുത്തുന്നത്. മേൽപ്പാലത്തിന്റെ അടിയിൽ കയറി നിന്നാണ് വെയിലിൽ നിന്നും മഴയിൽ നിന്നും യാത്രക്കാർ ഭാഗികമായി രക്ഷനേടുന്നത്.

കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതോടെയാണ് അഞ്ചുകല്ലുംമൂട്ടിലെ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയത്. സ്കൂൾ കുട്ടികളും പ്രായമായവരുമടക്കം നിരവധിപ്പേരാണ് ഈ ബസ് സ്റ്റോപ്പ് ഉപയോഗിക്കുന്നത്. കടത്തിണ്ണയും മരത്തണലുമാണ് പലപ്പോഴും യാത്രക്കാരുടെ ഏക ആശ്രയം. നിന്ന് കാലുകുഴഞ്ഞാൽ ഇരിക്കാൻ പോലും സൗകര്യമില്ല. ചവറ,കരുനാഗപ്പള്ളി, തെക്കുംഭാഗം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് പോകാൻ നിരവധിപ്പേരാണ് ദിവസവും ഈ ബസ് സ്റ്റോപിനെ ആശ്രയിക്കുന്നത്. ഉടൻ പുതുക്കി പണിയാമെന്ന് ഉറപ്പുനൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മറ്റിടങ്ങളിലും ഇതേ അവസ്ഥ

ലക്ഷങ്ങൾ ചെലവാക്കി നഗരത്തിൽ പലയിടത്തും നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വെളിച്ചമെത്താതെയും മേൽക്കൂരയുടെ സീലിംഗ് തകർന്നും ദുരവസ്ഥയിലാണ്. ഹൈസ്കൂൾ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സീലിംഗ് പൊട്ടിതകർന്നിട്ട് മാസങ്ങളായി. ഇവിടെ കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലെ ലൈറ്രുകളും തെളിയാറില്ല. തെരുവ് വിളക്കിൽ നിന്നും ബസുകളിൽ നിന്നും കിട്ടുന്ന വെളിച്ചമാണ് ഏക ആശ്രയം. സീറ്റുകൾ തെരുവ്നായ്ക്കൾ കൈയ്യടക്കുന്നത് പല കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും പതിവ് കാഴ്ചയാണ്. കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനർനിർമ്മിക്കണമെന്നും നവീകരിക്കേണ്ടവ നവീകരിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.