 
182 ബൂത്തുകളിലും ഹരിത ചട്ടപ്രകാരമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്
കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായുള്ള കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ഇന്ന് രാവിലെ 6 മണി മുതൽ വൈകിട്ട് 6വരെയാണ് പോളിംഗ്. ഇന്നലെ വൈകിട്ട് 4ന് മുമ്പായി ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിനുള്ള ഉപകരണങ്ങളുമായി ബൂത്തുകളിൽ എത്തി. ഒരു പ്രിസൈഡിംഗ് ഓഫീസറും 3 പോളിംഗ് ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ഓരോ ബൂത്തിലുമുള്ളത്.
പ്രശ്നബാധിത ബൂത്തുകൾ
കരുനാഗപ്പള്ളിയിൽ 182 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതിൽ 8 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. തഴവ കുതിരപ്പന്തി എൽ.പി.എസ്, കരുനാഗപ്പള്ളി ഗവ,ഹയർ സെക്കൻഡറി സ്കൂൾ, ഇടക്കുളങ്ങര എൽ.പി.എസ് എന്നീ ബൂത്തുകളാണ് പ്രശ്ന ബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കാമറ സ്ഥാപിക്കുന്നതോടൊപ്പം 4 സി.എ.പി.എഫ് പൊലീസുകാരെയും 2 ലോക്കൽ പൊലീസിനെയും വിന്യസിക്കും. ബൂത്തിൽ പ്രശ്നമുണ്ടാക്കുവർക്കെതിരെ ശക്തമായ നടപടിയായിരിക്കും സ്വീകരിക്കുതെന്ന് പൊലീസ് പറഞ്ഞു.
മാതൃകാ പോളിംഗ് സ്റ്റേഷൻ
182 ബൂത്തുകളിലും ഹരിത ചട്ടപ്രകാരമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു ഗ്രാമപഞ്ചായത്തിലെ ഒരു പോളിംഗ് ബൂത്ത് മാതൃക ബൂത്തായി തിരഞ്ഞെടുത്തിട്ടുണ്ട്. ആലപ്പാട് ചെറിയഴീക്കൽ എ.പി.എസ്, ക്ലാപ്പന എസ്.വി.എസ്.എസ് പ്രൈമറി സ്കൂൾ, കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തഴവാ കുതിരപ്പന്തി എൽ.പി.എസ്, തൊടിയൂർ വേങ്ങറ ഗവ.എൽ.പി.എസ്, ഓച്ചിറ മേമന മുസ്ലീം എൽ.പി.എസ്, കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നീ ബൂത്തുകളാണ് മാതൃകാ പോളിംഗ് സ്റ്റേഷനായി തിരഞ്ഞെടുത്തത്.
പിങ്ക് ബൂത്ത്
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര 121-ം നമ്പർ പോളിംഗ് സ്റ്റേഷൻ പിങ്ക് ബൂത്തായി തിരഞ്ഞടുത്തിട്ടുണ്ട്. ഇവിടെ നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരും വനിതകളാണ്. ഇലക്ഷൻ കമ്മിഷനും സുചിത്വ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. .