കൊല്ലം : ആർ.ശങ്കറിന്റെ പേരിൽ കൊല്ലം എസ്.എൻ കോളേജ് അലുംനി അസോസിയേഷൻ (സാക്കാ) ഏർപ്പെടുത്തിയ, ഏറ്റവും നല്ല വിദ്യാഭ്യാസ വിചക്ഷണനുള്ള പുരസ്‌കാരമായ ആർ. ശങ്കർ വിദ്യാഭ്യാസ അവാർഡ് 2024ന് കേരള സർവ്വകലാശാല കൊമേഴ്‌സ് വിഭാഗം മുൻ മേധാവിയും ഗ്രന്ഥകാരനും പ്രഭാഷകനും ശിവഗിരി മഠം മുൻ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ.എം.ശാർങ്‌ഗധരൻ അർഹനായി. ആർ. ശങ്കറിന്റെ 116-ാം ജയന്തി ദിനമായ 30ന് രാവിലെ 10ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ആർ.ശങ്കർ ജയന്തി സമ്മേളനത്തിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.വി.പി. ജഗതി രാജ് അവാർഡ് സമ്മാനിക്കും.
പ്രശസ്തി ഫലകവും 11,111 രൂപയും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനവും ഡോ.വി.പി. ജഗതി രാജ് നിർവ്വഹിക്കും. കൊല്ലം എസ്.എൻ കോളേജിലെ വ്യക്തിമുദ്ര പതിപിച്ച പ്രിൻസിപ്പൽമാരായ പ്രൊഫ.എസ്. സൂര്യദാസ്, പ്രൊഫ. കെ. ശശികുമാർ, പ്രൊഫ. വി.എസ്. ലീ, ഡോ.സുഷമാദേവി, ഡോ.സി. അനിതാശങ്കർ എന്നിവരെ ചടങ്ങിൽ ആദരിക്കും. പത്തനാപുരം ഗാന്ധിഭവൻ സാരഥി ഡോ. പുനലൂർ സോമരാജൻ ആർ.ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തും. സാക്കാ പ്രസിഡന്റ് എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. ജി. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് പി. രഘുനാഥൻ സംസാരിക്കും. വിശിഷ്ട അതിഥികളെ സ്‌നാക്കാ വൈസ് പ്രസിഡന്റ് കെ. അംബേദ്കർ പരിചയപ്പെടുത്തും. ജനറൽ സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ സ്വാഗതവും സെക്രട്ടറി അപ്‌സര എ.കെ.ശശികുമാർ നന്ദിയും പറയും. പ്രൊഫ.പി.ജെ. അർച്ചന ദൈവദശകം ആലപിക്കും. ഡോ.എം.ശാർങ്‌ഗധരൻ മറുപടി പ്രസംഗം നടത്തും.