വോട്ടെടുപ്പ് രാവിലെ 7 മുതൽ
കൊല്ലം: ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലുള്ള 21,32,427 പേർ ഇന്ന് വിധിയെഴുതും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജില്ലയിൽ 1951 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും അധികം പോളിംഗ് ബൂത്തുകളുള്ളത് മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ കുന്നത്തൂരിലാണ്, 199. കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ പുനലൂരാണ് രണ്ടാമത്, 196. കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ ഇരവിപുരത്തും ചാത്തന്നൂരുമാണ് ഏറ്റവും കുറവ് ബൂത്തുകളുള്ളത്, 159. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ഒന്ന് വീതം 11 സ്ത്രീ സൗഹൃദ പിങ്ക് പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കും .
88 ബൂത്തുകൾ പ്രശ്‌നബാധിതമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടുതലും ചവറ നിയമസഭ മണ്ഡലത്തിലാണ്, 17 എണ്ണം. പ്രശ്‌ന ബാധിത ബൂത്തുകൾ കൂടുതലുള്ള രണ്ടാമത്തെ സ്ഥലം മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ കുന്നത്തൂരാണ്, 13. ഏറ്റവും കുറവ് ചാത്തന്നൂർ നിയമസഭമണ്ഡലത്തിലാണ്, ഒന്ന്. പ്രശ്‌നബാധിത ബൂത്തുകളിൽ പൊലീസിന് പുറമേ കേന്ദ്രസേനയ്ക്കും ചുമതലയുണ്ടാവും. ഇതിനോടകം കേന്ദ്രസേനയുടെ ഒരു കമ്പനിയെ വിവിധയിടങ്ങളിൽ വിന്യസിച്ചു. 85 വയസ് കഴിഞ്ഞവരിൽ പോസ്റ്റൽവോട്ട് അനുമതിയുള്ള 5308 പേരിൽ 457 പേർ വോട്ട് ചെയ്തു. ഭിന്നശേഷി വിഭാഗത്തിൽ വോട്ടുള്ള 2256 പേരിൽ 261 പേർ ഇതുവരെ വോട്ട് ചെയ്തു.
പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം
ചവറ: 17, കുന്നത്തൂർ: 13, കുണ്ടറ: 11, കരുനാഗപ്പള്ളി: 9, കൊല്ലം: 9, ഇരവിപുരം: 9, ചടയമംഗലം: 5, കൊട്ടാരക്കര: 5, പത്തനാപുരം: 5, പുനലൂർ: 4, ചാത്തന്നൂർ: 1
ശക്തമായ സുരക്ഷ
ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊല്ലം സിറ്റി, റൂറൽ പൊലീസിന് പുറമേ തമിഴ്‌നാട് പൊലീസ് സംഘത്തിന്റെയും കേന്ദ്രസേയുടെയും നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകൾക്ക് മുന്നിലും കേന്ദ്രസനയുടെ കാവലുണ്ടാകും. കേരള പൊലീസും സ്ഥലത്തുണ്ടാകും. എല്ലാവോട്ടിംഗ് കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനവും സുരക്ഷയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
.........................
നൂറുവയസ് പിന്നിട്ട 174 വോട്ടർമാർ
കൂടുതൽ പേർ പത്തനാപുരം അസംബ്ലി മണ്ഡലത്തിൽ, 31
കരുനാഗപ്പള്ളി മണ്ഡലത്തിലെ പുതുമംഗലത്തുവീട്ടിൽ 107 വയസുള്ള വിജയരാജനാണ് പ്രായമേറിയ വോട്ടർ
.............................