കൊല്ലം: ഇന്ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 1951പോളിംഗ് സ്‌റ്റേഷനുകളിലെയും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കുടുംബശ്രീയുടെ തനത് രുചിയിൽ ഭക്ഷണമൊരുക്കും. കുടുംബശ്രീ കഫേകൾ, കുടുംബശ്രീ വീട്ടിൽ ഊണ്, ജനകീയ ഹോട്ടലുകൾ എന്നിവ മുഖേനയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹരിതചട്ടം പാലിച്ച് രണ്ട് ദിവസമാണ് ഉദ്യോഗസ്ഥർക്ക് ഭക്ഷണമെത്തിക്കുക. കിഴക്കൻ മേഖലകളായ തെന്മല, നാഗമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ബൂത്തുകളിലും ഭക്ഷണമെത്തിക്കും. ജീവനക്കാരുടെ താത്പര്യമനുസരിച്ച് വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ലഭിക്കും.

പോളിംഗ് സാമഗ്രികളുമായി ഇന്നലെ ബൂത്തിലെത്തിയ ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും വിതരണം ചെയ്തിരുന്നു. ഇന്ന് രാവിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകും. പോളിംഗ് സ്‌റ്റേഷന് സമീപത്തുള്ള കുടുംബശ്രീ യുണിറ്റുകളാണ് ഭക്ഷണം എത്തിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വെൽഫെയർ നോഡൽ ഓഫീസറിന്റെ ചുമതല വഹിക്കുന്ന ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ ആർ.വിമൽചന്ദ്രനാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഭക്ഷണത്തിനുള്ള തുക അനുവദിച്ചിട്ടുണ്ട് . ഉദ്യോഗസ്ഥർക്ക് നൽകുന്ന ഭക്ഷണത്തിന്റെ വില അപ്പോൾ തന്നെയോ വോട്ടെടുപ്പ് അവസാനിച്ച ശേഷമോ നൽകിയാൽ മതിയാകും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് പലപ്പോഴും നല്ല ഭക്ഷണം ലഭിക്കുകയെന്നത് ബുദ്ധിമുട്ടാണ് . ഈ സാഹചര്യം ഒഴിവാക്കാനാണ് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഭക്ഷണം നൽകാൻ കുടുംബശ്രീയെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയത്. 70 മുതൽ 80 രൂപ വരെയാണ് ഉച്ചഭക്ഷണത്തിന് ഈടാക്കുന്നത്. മുമ്പ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ കുടുംബശ്രീ ഭക്ഷണം എത്തിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ അളവിൽ ഭക്ഷണമെത്തിക്കുന്നത് ആദ്യമായാണ്.

ആർ. വിമൽ ചന്ദ്രൻ

കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ