കൊല്ലം: നിശബ്ദ പ്രചരണദിനമായിരുന്ന ഇന്നലെ സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും സമയമൊട്ടും പാഴാക്കാതെ വോട്ടർമാരെ നേരിൽ കാണാനുള്ള പരക്കം പാച്ചിലിലായിരുന്നു.
മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഇന്നലെ കൂടുതൽ വോട്ടർമാരെ ഒരുമിച്ച് കാണാൻ വിവിധ സ്ഥാപനങ്ങളാണ് പ്രധാനമായും സന്ദർശിച്ചത്. ഇതിനിടയിൽ പ്രമുഖ വ്യക്തികളെയും നേരിൽ കണ്ടു. പാർട്ടി പ്രവർത്തകർ സ്ലിപ്പ് വിതരണം പൂർത്തിയാക്കാനായി ഓടിനടന്നു. രാത്രിയോടെ പോളിംഗ് കേന്ദ്രങ്ങളിൽ ബൂത്തുകളും സജ്ജമാക്കി. ജില്ലയിലെ മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും ഒരുപോലെ വിജയപ്രതീക്ഷ പങ്കുവയ്ക്കുകയാണ്. അവസാനദിവസത്തെ പ്രചാരണത്തിന് ശേഷം ബൂത്തുകളിൽ നിന്നുള്ള കണക്ക് ശേഖരിച്ച മുന്നണി നേതൃത്വങ്ങൾ വലിയ ഭൂരിപക്ഷത്തിൽ തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് തറപ്പിച്ച് പറയുന്നു.