കൊട്ടാരക്കര: മാവേലിക്കര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പി നിശ്ശബ്ദ പ്രചരണ ദിനമായ ഇന്നലെ വിവിധ തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിച്ചു. കൊട്ടാരക്കരയിലെ കശുഅണ്ടി ഫാക്ടറികളിലും വ്യാപാര സ്ഥാപനങ്ങളിലും വ്യക്തിപരമായി അടുപ്പമുള്ളവരെ നേരിൽ കണ്ട് ആശയ വിനിമയം നടത്തി. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, പത്തനാപുരം, കുട്ടനാട്, കുന്നത്തൂർ നിയോജക മണ്ഡലങ്ങളിലെ നേതാക്കന്മാരെയും സ്ഥാനാർത്ഥി കണ്ടു. വൈകിട്ട് ചെങ്ങന്നൂരിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്തു
സ്ഥാനാർത്ഥികളുടെ വോട്ട്
കൊടിക്കുന്നിൽ സുരേഷ് ഇന്ന് രാവിലെ കൊട്ടാരക്കര ടൗൺ യു.പി സ്കൂളിലെ പോളിംഗ് ബൂത്തിൽ കുടുംബ സമേതം എത്തി വോട്ടു ചെയ്യും. ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാർ കായംകുളത്തെ പോളിംഗ് സ്റ്റേഷനിൽ വോട്ടു ചെയ്യും. എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല താമരക്കുളത്തെ 163ാം നമ്പർ ടൗൺ ഹാൾ ബൂത്തിൽ വോട്ടു രേഖപ്പെടുത്തും.മന്ത്രി കെ.എൻ. ബാലഗോപാൽ രാവിലെ 9 ന് കൊട്ടാരക്കര ഡയറ്റ് കെട്ടിടത്തിലെ താഴത്തെ നില ബൂത്ത് 88ൽ വോട്ടു രേഖപ്പെടുത്തും.