കൊല്ലം: നിശബ്ദ പ്രചാരണ ദിനമായ ഇന്നലെയും തിരക്കിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ. കൊല്ലം പള്ളിമുക്ക് സാരഥി മോട്ടോഴ്സ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ എത്തി ജീവനക്കാരുമായി സംസാരിച്ച് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി ഓഫീസ് സന്ദർശിച്ച ശേഷം മണ്ഡലത്തിലെ പ്രധാന വോട്ടർമാരെ കണ്ടു. കഴിഞ്ഞ ദിവസം മരിച്ച കൊല്ലം ബാറിലെ അഭിഭാഷകൻ രാകേഷ് രാജന്റെ അയത്തിലെ വീട്ടിലെത്തി കൂടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്നു. ഒന്നര മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിൽ വലിയ ജന മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി കൃഷ്ണകുമാർ പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി ഉറപ്പ് നൽകിക്കൊണ്ട് മണ്ഡലത്തിലുടനീളം വിപുലമായ സ്വീകരണ പരിപാടികളാണ് പ്രചാരണ സമയങ്ങളിൽ നടന്നത്.