കൊല്ലം: അവസാനവട്ട വോട്ടുതേടലിൽ ഇന്നലെ സജീവമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. കന്യാസ്ത്രീ മഠങ്ങളും സൂപ്പർ മാർക്കറ്റുകളുമുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. ജീവനക്കാരോടും ഓട്ടോറിക്ഷ ഡ്രൈവർമാരോടുമുൾപ്പെടെ സംസാരിച്ച് വോട്ടഭ്യർത്ഥിച്ചു.
രാവിലെ 9 മുതലാണ് നിശബ്ദ പ്രചരണം ആരംഭിച്ചത്. അയൽക്കാരെ കണ്ടും മുകേഷ് വോട്ടഭ്യർത്ഥിച്ചു. ഒന്നര മാസത്തിലധികം നീണ്ടു നിന്ന പ്രചാരണ, സ്വീകരണ പരിപാടികളിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും മറക്കാനാകാത്ത നിരവധി മുഹൂർത്തങ്ങൾ ഉണ്ടായെന്നും മുകേഷ് പ്രതികരിച്ചു. ഇന്ന് രാവിലെ 8.30ന് സ്ഥാനാർത്ഥിയും കുടുംബവും പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്ത് നമ്പർ 50 ൽ വോട്ട് ചെയ്യും.