sharja

കൊല്ലം: ഒമാനിലെ നിസ്വയിയി​ൽ നടന്ന വാഹനാപകടത്തിൽ കൊല്ലം സ്വദേശിനി അടക്കം രണ്ട് മലയാളി നഴ്സുമാരും ഒപ്പമുണ്ടായി​രുന്ന ഈജിപ്ഷ്യൻ സ്വദേശിനിയും മരിച്ചു. തൃശൂർ സ്വദേശിനി മാജി​ദ രാജേഷ്, കൊട്ടിയം അനീഷ മൻസിലിൽ അനീഷിന്റെ ഭാര്യ ഷാർജ ഇൽയാസ് (27) എന്നിവരാണ് മലയാളി നഴ്സുമാർ. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്.

നിസ്വ ആശുപത്രിയിൽ നിന്നു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകവേ, ഇന്നലെ വൈകി​ട്ട് മൂന്നോടെ മസ്കറ്റ് ഇബ്രി ഹൈവേയിലായിരുന്നു അപകടം. റോഡിന്റെ ഒരു ഭാഗം മറി​കടന്നു മറുഭാഗത്തെത്താൻ കാത്തുനിൽക്കവെ, പരസ്പരം കൂട്ടിയിടിച്ച വാഹനങ്ങൾ ഇവർക്ക് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചു.

ഷാർജ ഇൽയാസും ഭർത്താവ് അനീഷും മകൾ ആയിഷ മറിയയും ഒമാനിലായിരുന്നു. രണ്ട് മാസം മുൻപ് ഇവർ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഒരുമാസം മുൻപ് ഷാർജ മാത്രം ഒമാനിലേക്ക് മടങ്ങി. ആയിഷ മറിയത്തിന്റെ സ്കൂൾ അവധി തീരാറായതോടെ അനീഷുമൊത്ത് അടുത്ത ദിവസം ഒമാനിലേക്ക് മടങ്ങാനിരിക്കെയാണ് ഷാർജ ഇൽയാസിന് ദാരുണാന്ത്യം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇടപെടൽ നടക്കുന്നു.