കൊല്ലം: ഇത്തവണ എനിക്ക് വോട്ടില്ല, എന്നാലും വോട്ടർമാരെ കടത്തുവള്ളത്തിൽ മറുകരയെത്തിച്ച് സങ്കടം തീർക്കുകയാണ് കാവനാട് സെന്റ് ജോർജ് തുരുത്തിലെ അനിൽ ജോൺ. 'കഴിഞ്ഞ തവണ വോട്ട് ചെയ്തിരുന്നു. ഇത്തവണ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും' വള്ളം തുഴയുന്നതിനിടെ സങ്കടത്തോടെ അനിൽ പറയുന്നു.
'രാവിലെ പണിക്ക് പോയതാണ് ഇപ്പോഴാ സമയം കിട്ടിയത്... വോട്ടല്ലെ ചെയ്യാതിരിക്കാൻ പറ്റുമോയെന്ന് കെറ്റി. വീട്ടിൽ എനിക്കും ഭാര്യയ്ക്കും മാത്രമേ വോട്ടുള്ളുവെന്ന് വില്യം. തുരുത്തിൽ നിന്ന് കുരീപ്പുഴ പള്ളിക്കടവ് വരെ എത്തുന്നതിനിടയിൽ നടന്ന ചർച്ചയാണിത്.
അഷ്ടമുടി കായലിൽ കാവനാടുള്ള സെന്റ് ജോർജ്, സെന്റ് തോമസ്, സെന്റ് ജോസഫ് തുരുത്തുകളിലുള്ളവരിൽ പകുതിയോളം പേർക്കും ഇത്തവണ വോട്ടില്ല. വള്ളത്തിലെത്തി വോട്ട് ചെയ്താണ് ഇവരുടെ മടക്കം. കുരീപ്പുഴ ഗവ. യു.പി.എസിലെയും മരിയ ആഗ്നസ് ഇ.എം കോൺവെന്റ് സ്കൂളിലെയും പോളിംഗ് ബൂത്തുകളിലാണ് വോട്ട്. മത്സ്യബന്ധനം നടത്തി കുടുംബം പുലർത്തുന്നവരാണ് തുരുത്തുകളിലുള്ളവർ.
കക്ക വാരിയും മീൻ പിടിച്ച് വിറ്റുമാണ് ഉപജീവനം. ജോലിക്ക് ശേഷമാണ് കൂടുതൽ പേരും വോട്ട് ചെയ്യാൻ എത്തിയത്. രാവിലെ വോട്ട് ചെയ്ത ശേഷം പണിക്ക് പോയവരും കൂട്ടത്തിലുണ്ട്. മൂന്ന് തുരുത്തിലുമായി 140 ഓളം കുടുംബങ്ങളാണുള്ളത്.