
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലെ അംഗങ്ങൾ. സമുദ്രതീരത്തിലെ അംഗങ്ങളായ അച്ഛനമ്മമാരും ചെയർമാൻ റുവൽ സിംഗും കുടുംബവും സ്റ്റാഫും ഉൾപ്പെടെ 36 ഓളം പേരാണ് സമുദ്രതീരം കൂട്ടുകുടുംബത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയത്. പല ജീവിത സാഹചര്യങ്ങളാൽ വിവിധ സ്ഥലങ്ങളിൽ നിന്ന് സമുദ്രതീരത്തിൽ എത്തപ്പെട്ട അച്ഛനമ്മമാർക്ക് ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവ ഇല്ലായിരുന്നു. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി നേടിയാണ് സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ വിലാസത്തിൽ ഇവരെയെല്ലാം വോട്ടർ പട്ടികയിൽ ചേർത്തത്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ചാത്തന്നൂർ കല്ലുവാതുക്കൽ ദേശീയപാതയ്ക്ക് സമീപം സമുദ്രതീരം പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ച ശേഷമുള്ള ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ഇതുവരെയും വോട്ട് രേഖപ്പെടുത്താത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.