ചാത്തന്നൂർ: വനിതകൾ മാത്രം നിയന്ത്രിച്ച പിങ്ക് പോളിംഗ് ബൂത്തിൽ സ്മാർട്ടായി
വോട്ടിംഗ്. രാവിലെ തന്നെ വോട്ടർമാരുടെ വലിയ നിര ഉണ്ടായിരുന്നെങ്കിലും വോട്ടിടീൽ ആരംഭിച്ചതോടെ നടപടിക്രമങ്ങൾ ഊർജ്ജിതമയി. ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിലെ 155-ാം നമ്പർ ബൂത്താണ് പിങ്ക് ബൂത്തായി ഒരുക്കിയത്. കരിക്കോട് എസ്.ബി.ഐ ബ്രാഞ്ചിലെ ഡപ്യൂട്ടി മാനേജർ അനു ആയിരുന്നു ഒന്നാം പ്രിസൈഡിംഗ് ഓഫീസർ. ക്രിസ്തുരാജ് ഹൈസ്കൂളിലെ അദ്ധ്യാപിക ബോബി ക്രിസ്റ്റഫർ സെക്കൻഡ് പ്രിസൈഡിംഗ് ഓഫീസറും അഞ്ചൽ ജി.എൽ.പി.എസിലെ ഷീന നാഗൂർ, അഞ്ചൽ എസ്.ബി.ഐ ബ്രാഞ്ചിലെ അജിത എന്നിവർ പോളിംഗ് ഓഫീസർമാരുമായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ ശ്രീലത, സ്നേഹ എന്നിവർ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ ചുമതല വഹിച്ചു. പോളിംഗ് ഡ്യൂട്ടി മുമ്പും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായാണെന്ന് പിങ്ക് ബൂത്ത് ഉദ്യോഗസ്ഥകൾ പറഞ്ഞു.