കൊല്ലം: കൊല്ലം ബാറിലെ അഭിഭാഷകനായ അയത്തിൽ കരുത്തൻവിള വീട്ടിൽ രാകേഷ് രാജനെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി.
ഇക്കഴിഞ്ഞ 24ന് രാത്രിയാണ് സ്വന്തം വക്കീൽ ഓഫീസിലെ മുറിയിൽ മരിച്ച നിലയിൽ രാകേഷിനെ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം രാകേഷിന്റെ കുഞ്ഞിന്റെ ചരട്കെട്ട് ചടങ്ങായിരുന്നു. 24ന് വൈകിട്ട് ജുവലറിയിൽ നിന്ന് രാകേഷ് കുഞ്ഞിനുള്ള സ്വർണ അരഞ്ഞാണം വാങ്ങിയിരുന്നു.
എന്നാൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രാകേഷിന്റെ പോക്കറ്റിൽ നിന്ന് കണ്ടടുത്ത ജുവലറിയിൽ നിന്ന് സ്വർണാഭരണം വാങ്ങിയ ചെറിയ പെട്ടിയിലും ഓഫീസിന് വെളിയിലെ സ്റ്റൂളിൽ കിടന്ന സ്വർണം പൊതിയുന്ന ചുവന്ന കടലാസിലും സ്വർണം ഉണ്ടായിരുന്നില്ല.
ആഭരണം കാണാതായതാണ് മരണത്തിൽ ദുരൂഹത ഉയർത്തുന്നത്. ആഭരണം വയ്ക്കുന്ന പെട്ടി ഭദ്രമായി അടച്ച നിലയിൽ മൃതദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടാവുകയും കടലാസ് ഓഫീസിന് വെളിയിൽ ഉപേക്ഷിച്ച നിലയിൽ കാണുകയും ചെയ്തത് സംശയകരമാണെന്നാണ് ഉയരുന്ന ആരോപണം.
മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം വൈകിട്ട് 7.30ന് രാകേഷ് ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. ആ സമയം ഓഫീസിൽ ആരോ ഒപ്പമുള്ളതായി സൂചിപ്പിച്ചുവെന്നും ഭാര്യ പറയുന്നു. അതിന് ശേഷമുള്ള ഫോൺ വിളികൾ രാകേഷ് എടുത്തിട്ടുമില്ല. 28 ദിവസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിന്റെ ചടങ്ങിന് ആഭരണം വാങ്ങിയ ആൾ മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്യുമോയെന്നാണ് ഉയരുന്ന ചോദ്യം.