photo
വൈകിട്ട് ആറ് മണിക്ക് ശേ,വും കന്നേറ്റ് 148-ം നമ്പർ ബൂത്തിലെ വോട്ടർമാരുടെ ക്യൂ.

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമാധാനപരം. 8 പ്രശ്ന ബാധിത ബൂത്തുകളിൽ ഉൾപ്പെടെ ഒരു ബൂത്തിലും അനിഷ്ഠ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 182 ബൂത്തുകളിലും രാവിലെ 6ന് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ആലപ്പാട് 10-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയതോടെ ഒരു മണിക്കൂറോളം പോളിംഗ് മുടങ്ങി. തുടർന്ന് പുതിയ യന്ത്രം കൊണ്ടുവന്നശേഷമാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. പാവുമ്പ 77 -ാം നമ്പർ ബൂത്തിലും തുറയിൽകുന്ന് 145-ാം നമ്പർ ബൂത്തുകളിലും വോട്ടിംഗ് യന്ത്രം തകരാറിലായെങ്കിലും പെട്ടെന്ന് തന്നെ തകരാറ് പരിഹരിച്ചു. വൈകിട്ട് 6 ആയപ്പോഴും പോളിംഗ് സ്റ്റേഷനുകളിൽ നീണ്ട നിര കാണാമായിരുന്നു. ആറ് മണിക്ക് ഉദ്യോഗസ്ഥർ ഗേറ്റ് പൂട്ടി വോട്ടർമാർക്ക് ടോക്കൺ വിതരണം ചെയ്തു. രാത്രി 8 മണിയോടെയാണ് പോളിംഗ് അവസാനിച്ചത്. രാവിലെ മുതൽ തന്നെ മുന്നണി പ്രവർത്തകർ ഫീൽഡിൽ ഇറങ്ങി വോട്ടർമാരെ കൂട്ടത്തോടെ ബൂത്തുകളിൽ എത്തിച്ചു. പൊലീസിന്റെ പട്രോളിംഗ് വാഹനങ്ങൾ നിരന്തരമായി ബൂത്തുകളിൽ എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. 16 ബൂത്തുകൾക്ക് ഒരു പട്രോളിംഗ് വാഹനമാണ് ഉണ്ടായിരുന്നത്. 8 പ്രശ്ന ബാധിത ബൂത്തുകളും പൊലീസിന്റെ നിരന്തര നിരീക്ഷണത്തിൽ ആയിരുന്നു. ഹരിത ചട്ടപ്രകാരമാണ് ബൂത്തുകൾ ക്രീകരിച്ചത്. കുരുത്തോലകൾ കൊണ്ട് ബൂത്തുകൾ ഹരിതകർമ്മ സേനാ അംഗങ്ങൾ അലങ്കരിച്ചിരുന്നു.