കൊല്ലം: ഇന്നലെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പലയിടത്തും പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും അരങ്ങേറി. രാവിലെ പത്തനാപുരത്തായിരുന്നു ആദ്യ സംഘർഷം. പത്തനാപുരം
നടുക്കുന്ന് എൽ.പി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ടർമാരോട് യു.ഡി.എഫ് പ്രവർത്തകൻ സംസാരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. പൊലീസ് രംഗം ശാന്തമാക്കി.
ഉച്ചയ്ക്ക് കാവനാട് വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസിലെ 158-ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ് -ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഹരിതകർമ്മ സേനാംഗങ്ങൾ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയതാണ് വാക്കേറ്റത്തിലേക്ക് മാറിയത്.

പവിത്രേശ്വരത്ത് എൽ.ഡി.എഫ് പ്രവർത്തകരുടെ പരാതിയിൽ ബി.എൽ.ഒയെ മാറ്റി. കൈതക്കോട് 192-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് നടപടി.

വെളിയം വിവേകോദയം യു.പി സ്‌കൂളിലെ 149ാം നമ്പർ ബൂത്തിൽ സ്ലിപ്പ് വിതരണത്തിനിടെ എൽ.ഡി.എഫ് പ്രവർത്തകരെ യു.ഡി.എഫ് പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി ഉയർന്നു.

വൈകിട്ട് 4ന് ക്രിസ്തുരാജ് സ്‌കൂളിലെ യു.ഡി.എഫ് ബൂത്ത് ഓഫീസിന് മുന്നിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മുണ്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സെയ്ദലി, ആനന്ദരാജ് എന്നിവരെ എൽ.ഡി.എഫ് പ്രവർത്തകർ മർദ്ദിച്ചു.

ജില്ലയിൽ പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയ 88 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരുന്നു. ഇവിടങ്ങളിലെ സുരക്ഷ ചുമതല കേന്ദ്രസേനയ്ക്കായിരുന്നു. പലയിടത്തും പൊലീസിന്റെ ഇടപെടലാണ് സംഘർഷം ഒഴിക്കായിത്.

ജി.കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു അഞ്ചൽ ഏരൂരിലെ നെട്ടയം സ്‌കൂളിലെ 124,125 നമ്പർ പോളിംഗ് ബൂത്തിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനെ പോളിംഗ് സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഇന്നലെ ഉച്ചയ്ക്ക 12 ഓടെയായിരുന്നു സംഭവം. ബൂത്ത് സന്ദർശിച്ച ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാർ ബൂത്തിന് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസുകാരൻ തടഞ്ഞതാണ് വാക്കുതർക്കത്തിന് കാരണമായത്.