കൊട്ടാരക്കര: മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ വോട്ടെടുപ്പ് തീർത്തും സമാധാനപരം. രാഷ്ട്രീട സംഘർഷങ്ങളും വാക്കേറ്റങ്ങളും ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്തതിന്റെ ആശ്വാസത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ. കനത്ത പോളിംഗാണ് ഓരോ ബൂത്തിലുമുണ്ടായത്. ചൂടിന്റെ കാഠിന്യമേറുംമുമ്പെ വോട്ടുചെയ്യുകയെന്ന ലക്ഷ്യത്തോടെ ആളുകൾ രാവിലെതന്നെ പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ രാവിലെ 7 മുതൽ മിക്ക ബൂത്തുകളിലും നീണ്ട നിര അനുഭവപ്പെട്ടു. ഉച്ചയ്ക്ക് മുൻപായി പകുതിയിലധികം വോട്ടുകളും പോൾ ചെയ്തു. വിലങ്ങറ യു.പി സ്കൂളിൽ വോട്ടെടുപ്പ് സമയം അവസാനിക്കുന്ന വൈകിട്ട് 6ന് ശേഷവും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ഇവിടെ വോട്ടെടുപ്പ് തീരാൻ ഒരു മണിക്കൂർ നേരം അധികം വേണ്ടിവന്നു. കോട്ടാത്തല പണയിൽ യു.പി സ്കൂളിലെ ഒരു ബൂത്തിൽ വോട്ടുചെയ്യാനെത്തിയ അവണൂർ സ്വദേശി ലൈല കുഴഞ്ഞുവീണുവെങ്കിലും വോട്ടുചെയ്തശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പെരുംകുളം ഇരുപതാം നമ്പർ ബൂത്തിൽ മതിയായ വെളിച്ചമില്ലെന്ന കാരണത്താൽ വോട്ടെടുപ്പ് കുറച്ചുസമയം നിറുത്തി വയ്ക്കേണ്ടി വന്നു. വെളിച്ചമെത്തിച്ച ശേഷം പോളിംഗ് പുനരാരംഭിച്ചു. മെഷീൻ തകരാറിലായതിനെ തുടർ‌ന്ന് വിലങ്ങറ എൽ.എം.എസ്.എൽ.പി സ്കൂളിൽ രണ്ട് തവണ വോട്ടെടുപ്പ് തടസപ്പെട്ടു. പിന്നീട് പരിഹരിച്ചു. പുല്ലാമല എൽ.പി സ്കൂളിലും കോട്ടാത്തല പണയിൽ യു.പി സ്കൂളിലെ അറുപതാം ബൂത്തിലും മെഷീൻ തകരാറിനെ തുടർന്ന് വോട്ടിംഗ് തടസപ്പെട്ടു. രണ്ടിടത്തും ഉടൻതന്നെ പരിഹരിച്ചു. പ്രശ്ന ബാധിത ബൂത്തുകളെന്ന് വിലയിരുത്തിയ ബൂത്തുകളിലൊന്നും നേരിയ പ്രശ്നം പോലുമുണ്ടായില്ല. ഇവിടെല്ലാം കൂടുതൽ പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു. പോളിംഗ് സ്റ്റേഷനുകൾക്കുള്ളിൽ കാമറ നിരീക്ഷണം ഉണ്ടായിരുന്നതിനാൽ കള്ളവോട്ടുകൾക്ക് ശ്രമം നടന്നില്ലെന്നാണ് വിലയിരുത്തൽ. തിരിച്ചറിയിൽ രേഖകൾ പരിശോധിച്ച ശേഷമാണ് വോട്ടിടാൻ അവസരം നൽകിയത്.