കൊട്ടാരക്കര: കേരളത്തിൽ യു.ഡി.എഫ് വൻ വിജയം നേടുന്നതിനൊപ്പം കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഭാര്യ ബിന്ദു സുരേഷിനും മകൾ ഗായത്രിക്കുമൊപ്പം കൊട്ടാരക്കര ടൗൺ യു.പി സ്കൂളിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം അപകടത്തിലാണെന്ന തിരിച്ചറിവ് ജനങ്ങൾക്ക് കൈവന്നു. അതുകൊണ്ടുതന്നെയാണ് മോദിഭരണത്തിന്റെ മാറ്റത്തിനായി അവർ വോട്ടുചെയ്യുന്നത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ മുൻപും ഡീലുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വിവാദവും അതിന്റെ ഭാഗമാണ്. മാവേലിക്കരയിൽ തന്റെ വിജയം ഉറപ്പാണ്. ചില ചാനലുകൾ താൻ തോൽക്കുമെന്ന് പ്രവചിച്ചത് ഗുണകരമായി. അതുകൊണ്ട് പ്രവർത്തകർ കൂടുതൽ ഉഷാറായെന്നും കൊടിക്കുന്നിൽ പറഞ്ഞു.