ചാത്തന്നൂർ/ചവറ: ജില്ലയിൽ പല ഭാഗങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. നീണ്ടകര, കല്ലുവാതുക്കൽ, ചവറ എന്നിവിടങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നിടത്ത് യഥാർത്ഥ വോട്ടർക്ക് ടെണ്ടർ വോട്ട് നൽകി പ്രശ്നം പരിഹരിച്ചു.

ഉളിയനാട് ഗവ. ഹൈസ്കൂളിലെ 65-ാം നമ്പർ ബൂത്തിൽ ചാത്തന്നൂർ താഴം തെക്ക് മാടൻ വിള വീട്ടിൽ സരസ്വതിയുടെ വോട്ട് മറ്റാരോ നേരത്തെ ചെയ്തിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്തിലെ ചെന്തിപ്പിൽ 136 -ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കുന്നും പുറത്ത് വീട്ടിൽ സൂര്യ സുരേഷിനും കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിലെ 141-ാംനമ്പർ ബൂത്തിലെ ഇളംകുളം സ്വദേശി അഭിറാം ശ്രീറാമിനും ഇതേ പ്രശ്നമുണ്ടായി. ചവറ പുത്തൻതുറ 118-ാം നമ്പർ ബൂത്തിൽ ആശ പ്രവർത്തകയായ പുത്തൻവീട്ടിൽ ആശ പല്ലാടിക്കലിന്റെ വോട്ട് മറ്റൊരു ആശ നേരത്തെയെത്തി ചെയ്യുകയായിരുന്നു.

വ്യക്തമായ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്ന് നിബന്ധന ഉണ്ടായിട്ടും കള്ളവോട്ട് നടന്നത് പോളിംഗ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന പരാതി ശക്തമായിട്ടുണ്ട്. പരാതി ഉയർന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് കേസെടുത്ത് അന്വേഷണം നടത്താൻ സാദ്ധ്യതയുണ്ട്.

കല്ലുവാതുക്കൽ പഞ്ചായത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് സമയമായ ആറുമണി കഴിഞ്ഞിട്ടും നീണ്ട ക്യൂവായിരുന്നു. ആറുമണിക്കുള്ളിൽ എത്തിയവർക്കെല്ലാം വോട്ടവകാശം രേഖപ്പെടുത്താൻ അവസരം നൽകി.