പന്മന: ചവറയിൽ വോട്ടെടുപ്പ് സമാധാനപരം. 34 ബൂത്തുകളിൽ ചിലയിടങ്ങളിൽ മാത്രം വോട്ടിംഗ് മെഷ്യൻ കേടായത് അൽപ്പനേരം വോട്ടെടുപ്പിനെ ബാധിച്ചു. പല ബൂത്തുകളിലും ഇഴഞ്ഞുനീങ്ങിയാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ 6ന് ആരംഭിച്ചപ്പോൾ മുതൽ മിക്ക ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. ജീവനക്കാരുടെ കുറവാണ് വോട്ടെടുപ്പ് ഇഴഞ്ഞ് നീങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. വോട്ടെടുപ്പ് അവസാനിച്ചപ്പോഴും പല ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താൻ എത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ഇടപ്പള്ളികോട്ട എം.ഇ.എസ് സ്കൂളിൽ അവശരായി എത്തിയ പ്രായാധിക്യമുള്ള ആൾക്കാരുടെ ബന്ധുക്കൾക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയില്ല. പ്രിസൈഡിംഗ് ഓഫീസർ ആണ് ഇത്തരത്തിൽ പ്രായമായവരുടെ വോട്ട് രേഖപ്പെടുത്തിയത്. സ്ഥലത്തെ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി കണ്ണ് കാണാൻ പാടില്ലാത്ത പിതാവുമായി എത്തിയെങ്കിലും വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. പിതാവുമായി വോട്ട് ചെയ്യാൻ പോയ ഉദ്യോഗസ്ഥന് പിന്നാലെ ചെന്നപ്പോഴാണ് ഇയാൾ മറ്റൊരു പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തുന്ന വിവരം പുറത്തുവരുന്നത്. സംഭവത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തടിച്ചുകൂടുകയും ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയുമായിരുന്നു. സംഭവത്തിൽ പരിശോധന നടത്താമെന്നും കുറ്റക്കാർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാമെന്നും അധികൃതകാർ നൽകിയ ഉറപ്പിന്മേലാണ് തുടർന്ന് വോട്ടെടുപ്പ് നടന്നത്.