ns
മൈനാഗപ്പള്ളി സി.എം.എസ് എൽ .പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട ക്യൂ.

ശാസ്താംകോട്ട : മാവേലിക്കര പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കുന്നത്തൂരിൽ വോട്ടെടുപ്പ് സമാധാനപരം. മണ്ഡലത്തിലെ 199 ബൂത്തുകളിൽ ഒന്നും തന്നെ കാര്യമായ പ്രശനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മൈനാഗപ്പള്ളി വേങ്ങ ഹയർ സെക്കൻഡറി സ്കുളിലെ 114 -ാം നമ്പർ ബൂത്തിലെ മെഷീൻ പണിമുടക്കി. വോട്ടു ചെയ്യാൻ എത്തിയവർ മണിക്കുറുകളോളം കാത്ത് നിന്ന് നിരാശരായി മടങ്ങി. 40 ശതമാനം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞതിന് ശേഷമാണ് മെഷീൻ തകരാറിലായത് . രണ്ട് മണിക്കൂർ ഉദ്യോഗസ്ഥർ പരിശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായില്ല. പുതിയ മെഷീൻ കൊണ്ടുവന്നതിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. ശൂരനാട്ട് വടക്കും പടി.കല്ലടയിലും ഓരോ ബൂത്തുകളിലും വോട്ടിംഗ് മെഷീൻ പണിമുടക്കി. ഇവിടെയും പുതിയ മെഷീൻ എത്തിച്ച് പ്രശനം പരിഹരിച്ചു. മൈനാഗപ്പള്ളി കടപ്പ എൽ.വി.എച്ച് എസിലെയും തേവലക്കര സി.എം.എസ് എൽ.പി സ്കൂളിലെയും രണ്ട് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വലിയ ക്യൂവാണ് കാണപ്പെട്ടത്. ഒന്നും രണ്ടും തവണ മടങ്ങി പോയ ശേഷം പിന്നീട് എത്തിയാണ് പലരും വോട്ട് ചെയ്തത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് ആളുകൾ വോട്ട് ചെയ്തത്. മണ്ഡലത്തിലെ പല ബൂത്തുകളിലും സമാനമായ അവസ്ഥയായിരുന്നു. പടി. കല്ലടയിലെ ഒരു ബൂത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ചെറിയ തോതിലുള്ള വാക്കേറ്റം ഉണ്ടായി.